Fri. Mar 1st, 2024

തിരുവനന്തപുരം: വിവാദമായ ശ്രീകുമാരൻ തമ്പിയുടെ കേരളഗാനത്തെ ട്രോളി കൊല്ലുകയാണ് സോഷ്യൽമീഡിയ. ആസ്ഥാന കവികളെക്കൊണ്ടും സോഷ്യൽമീഡിയ നിറഞ്ഞിരിക്കുകയാണ്. നിരവധിപേരാണ് കേരളഗാനത്തെ ട്രോളികൊണ്ട് സ്വന്തമായി ഗാനങ്ങളെഴുതി കേരളത്തെക്കുറിച്ച് ഗാനങ്ങളെഴുതി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്.

ഡോ. എ. കെ വസു സ്വന്തമായി ഒരു കേരളഗാനമെഴുതി ‘ഇതൊരു പൊതു മുതലാണ്. ഓരോരുത്തരും ഈ വൃത്തത്തിൽ നാലുവരിയും കൂടി ചേർത്ത് സ്വന്തമായി ഉപയോഗിക്കാവുന്നതാണ്’ എന്ന കുറിപ്പോടെ ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇതൊരു ട്രെൻഡ് ആയി മാറിയത്. അതിലെ “പദ്മശ്രീയായ് പ്രാഞ്ചിയേച്ചി പുളുവടിക്കും കേരളം…” എന്ന വരിയും വൈറൽ ആയിരിക്കുകായണ്‌.

ശ്രീകുമാരൻ തമ്പിയുടെ കേരളഗാനം ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ട് പു ക സ ജനറൽ സെക്രട്ടറി അശോകൻ ചരിവിലും “എൻ്റെ ദൈവമേ, നീ ഉണ്മയെങ്കിൽ എന്നെ കെട്ടിയെടുത്തേക്ക്, കേരളഗാനമില്ലാത്തയിടത്തേക്ക്, നരകത്തിലേക്കാണെങ്കിൽ അങ്ങോട്ട്.” എന്നും കുറിച്ചിരുന്നു.

എന്നാൽ സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ സച്ചിദാനന്ദന്‍ ക്ലീഷേ എന്ന് പറഞ്ഞ് അപമാനിച്ച പാട്ട് ഹിറ്റാക്കി കാണിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കവി ശ്രീകുമാരന്‍ തമ്പി. രണ്ട് മാസത്തിനകം പാട്ട് റെക്കോര്‍ഡ് ചെയ്ത് യുട്യൂബില്‍ പ്രസിദ്ധീകരിക്കുമെന്നും, ജനങ്ങള്‍ പാട്ട് അംഗീകരിക്കുമെന്നതില്‍ ഒരു സംശയവുമില്ലെന്നും, കേരള സാഹിത്യ അക്കാദമിക്ക് വേണ്ടി ഒരു രചനയും നടത്താന്‍ തയ്യാറല്ലെന്നും, അവരില്‍ നിന്ന് ഒരു അവാര്‍ഡ് പോലും സ്വീകരിക്കില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

ഡോ. എ.കെ, വാസുവിന്റെ വൈറൽ ആയ കേരളഗാനം ചുവടെ:

റബറു വെട്ടി പാലെടുത്തു
ഷീറ്റടിച്ച കേരളം
കണ്ണിമാങ്ങ വട്ടംപൂളി
ഉപ്പിലിട്ട കേരളം

ടാറുരുക്കി മെറ്റലിട്ട്
റോഡു തീർത്ത കേരളം
പെട്രോൾ പമ്പിൽ നിന്നു പോലും
ഡീസൽ കിട്ടും കേരളം

പടവലങ്ങ കല്ലുകെട്ടി
വളവുതീർത്ത കേരളം
പത്തിനെട്ടു കപ്പ വാട്ടി
കെട്ടിവെച്ച കേരളം

കാശുകാര് മക്കൾ മൊത്തം
നാടു വിട്ട കേരളം.
ഹിന്ദി വാല എല്ലുരുക്കി
വേലചെയ്യും കേരളം.

തമ്പിമാർകളിന്നും ക്ലീഷേ
പാട്ടെഴുതും കേരളം
കഥകളി പദങ്ങളാലെ
പൊറുതിമുട്ടും കേരളം.

പാട്ടുവാരി ഭാരതനദി
മണലു വെന്ത കേരളം
ഇടയ്ക്ക ഇടയ്ക്ക് കൊട്ടിയെന്നാൽ
കവിതയാകും കേരളം.

ആർത്തവതി തൊട്ടുപോയാൽ
ചെടികരിയും കേരളം.
ശണ്ഠവരാൻ ശാസ്ത്രംതെറ്റി
സഭപണിഞ്ഞ കേരളം.

തമ്പുരാനെ കണ്ടു ഞെട്ടി
മഴയെറിയും കേരളം…
പദ്മശ്രീയായ് പ്രാഞ്ചിയേച്ചി
പുളുവടിക്കും കേരളം…