Wed. Feb 21st, 2024

കൊച്ചി: യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. എറണാകുളം വടക്കേക്കര കൂട്ടുകാട് ഭാഗത്തുവെച്ചാണ് പ്രതികളായ സഹോദരങ്ങള്‍ പിതൃസഹോദരപുത്രനായ ഹരീഷിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ നോക്കിയത്. സംഭവത്തില്‍ ചേന്ദമംഗലം കൂട്ടുകാട് കാരയ്ക്കല്‍ അനന്തകൃഷ്ണന്‍ (25), അജയ് കൃഷ്ണന്‍ (28) എന്നിവരാണ് പിടിയിലായത്. വടക്കേക്കര പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സെപ്തംബറില്‍ ഹരീഷിന്റെ വിവാഹദിവസം പ്രതികള്‍ കല്യാണ ഹാളില്‍ ബഹളമുണ്ടാക്കിയപ്പോള്‍ ഹരീഷ് പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞ വൈരാഗ്യമാണ് പ്രതികളെ കൊലപാതകശ്രമത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് പ്രതികള്‍ ഫെബ്രുവരി 4ന് ഒരു കല്യാണം നടക്കുന്ന വീട്ടില്‍നിന്നും ഹരീഷിനെ വിളിച്ചിറക്കി കൊണ്ടുപോയി ഇരുമ്പുവള കൊണ്ട് മുഖത്തും തലയിലും ഇടിക്കുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റ് ചെയ്ത പ്രതികളെ പറവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.