Sat. Mar 2nd, 2024

തിരുവനന്തപുരം: കേരള ഗാനം എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെട്ട് സാഹിത്യ അക്കാദമി അപമാനിച്ചുവെന്ന ശ്രീകുമാരന്‍ തമ്പിയുടെ ആരോപണത്തെ തുടര്‍ന്നുള്ള വിവാദം കൊഴുക്കുന്നതിനിടെ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍. ശ്രീകുമാരന്‍ തമ്പിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വസ്തുതകള്‍ മനസിലാക്കിയ ശേഷം പ്രശ്‌നം പരിഹരിക്കും. ശ്രീകുമാരന്‍ തമ്പി പറഞ്ഞപ്പോള്‍ മാത്രമാണ് പ്രശ്‌നത്തെ കുറിച്ച് അറിഞ്ഞതെന്നും ഗൗരവത്തോടെയാണ് അതിനെ സമീപിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ശ്രീകുമാരന്‍ തമ്പി മഹാനായ കവിയും എഴുത്തുകാരനുമാണ്. അദ്ദേഹത്തെ ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാര്‍ ആണിത്. മുഖ്യമന്ത്രിയും താനും പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ അഭിപ്രായം തേടാറുണ്ട്. മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുത്താണ് കേരളത്തിന് ഒരു ഗാനം വേണം എന്ന് തീരുമാനിച്ചത്. തനിക്ക് ബാധ്യതയുണ്ടെന്നു ശ്രീകുമാരന്‍ തമ്പി പറഞ്ഞ വിഷയത്തില്‍ നിന്നും ഞാന്‍ ഒഴിഞ്ഞു മാറുന്നില്ല, സജി ചെറിയാന്‍ വ്യക്തമാക്കി.



ശ്രീകുമാരന്‍ തമ്പിയുടെ പാട്ടില്‍ ക്ലീഷേ പ്രയോഗം ആണ് ഉണ്ടായിരുന്നത്. അദ്ദേഹത്തോട് ചില മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ടിരുന്നു. ശ്രീകുമാരന്‍ തമ്പി പാട്ടില്‍ മാറ്റം വരുത്തിയില്ല. അതിനെ തുടര്‍ന്ന് ബി കെ ഹരി നാരായണന്റെ പാട്ടാണ് ചില തിരുത്തുകള്‍ വരുത്തി സ്വീകരിച്ചത്. പാട്ട് നിരകാരിച്ച കാര്യം ശ്രീകുമാരന്‍ തമ്പിയെ അക്കാദമി സെക്രട്ടറി അറിയിച്ചുവെന്നും സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ തിരുത്തി കൊടുത്ത ഗാനം സ്വീകരിച്ചോ ഇല്ലയോ എന്ന് തന്നെ അറിയിച്ചില്ലെന്നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം.സര്‍ക്കാരിന് വേണ്ടി കേരള ഗാനം എഴുതാന്‍ ആവശ്യപ്പെട്ടിട്ട് അപമാനിച്ചുവെന്ന ശ്രീകുമാരന്‍ തമ്പിയുടെ ആരോപണത്തോട് അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍ പ്രതികരിച്ചിരുന്നു. കേരള ഗാനം തീരുമാനിക്കുന്നത് ഒരു കമ്മിറ്റിയാണ്. ശ്രീകുമാരന്‍ തമ്പിയുടെ ഗാനം ആ കമ്മിറ്റി നിരാകരിച്ചു.

സാഹിത്യ അക്കാദമിക്കെതിരെ നേരത്തെ ആരോപണമുന്നയിച്ച കവി ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി നേരിട്ട് സംസാരിച്ചിരുന്നു. മറ്റ് കലാകാരന്മാര്‍ക്ക് ലഭിക്കുന്ന സഹായവും ബഹുമാനവും സാഹിത്യകാരന്മാര്‍ക്ക് ലഭിക്കുന്നില്ലെന്ന് ചുള്ളിക്കാട് പറഞ്ഞത് വസ്തുതയാണ്. ഇക്കാര്യം സര്‍ക്കാര്‍ വിലയിരുത്തി ഇക്കാര്യത്തില്‍ എന്ത് ചെയ്യാനാകുമെന്ന് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.