Sun. Feb 25th, 2024

തൃശൂര്‍: കേരള ഗാനം എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെട്ട് അപമാനിച്ചെന്ന ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയുടെ ആരോപണത്തോട് പ്രതികരിച്ച് അക്കാദമി സെക്രട്ടറി സി പി അബൂബക്കര്‍. കേരള ഗാനം തിരഞ്ഞെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ശ്രീകുമാരന്‍ തമ്പിക്ക് വിഷമമുണ്ടാക്കുന്ന ഒന്നും ചെയ്തിട്ടില്ല. ശ്രീകുമാരന്‍ തമ്പിയുടേതുള്‍പ്പെടെയുള്ള ഗാനങ്ങള്‍ പരിഗണനയിലാണ്. സര്‍ക്കാര്‍ കൂടി അംഗീകരിച്ചായിരിക്കും അന്തിമ തീരുമാനം.

തന്റെ ഗാനം സ്വീകരിച്ചോ എന്നുപോലും അക്കാദമി അറിയിച്ചില്ലെന്നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ ആരോപണം. തൃപ്തിയായില്ലെന്ന് പറഞ്ഞതിനാല്‍ മാറ്റിയെഴുതി നല്‍കി. താനെന്താ പാട്ടെഴുതി തുടങ്ങിയ വിദ്യാര്‍ഥിയാണോ. തന്നോട് പ്രതികാരം ചെയ്യാനുള്ള അവസരമുണ്ടാക്കി അപമാനിക്കുകയായിരുന്നു. തന്റെ കൂടെയുള്ളത് ജനങ്ങളാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞിരുന്നു. കേരള ഗാനം എഴുതാനില്ലെന്നായിരുന്നു താന്‍ മുമ്പ് പറഞ്ഞിരുന്നത്. താങ്കളല്ലെങ്കില്‍ ഈ പാട്ടെഴുതാന്‍ യോഗ്യനായ മറ്റാരുണ്ടെന്നാണ് അന്ന് അബൂബക്കര്‍ ചോദിച്ചതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.