Sun. Feb 25th, 2024

ഭുവനേശ്വർ: നരേന്ദ്രമോദി ഭരണത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഐ ഐ ടി, ഐ ഐ എം, ജെ എൻ യൂ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് 13500 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെ പഠനം ഉപേക്ഷിച്ച് പോകുകയും ഇരുനൂറോളം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുകയും നിരവധി വിദ്യാർത്ഥികളെ കാണാതാവുകയും ചെയ്തു. വിദ്യാഭ്യാസ രംഗത്തെ ജാതീയമായ വിവേചനവും പഠനത്തിനായുള്ള സാമ്പത്തീക സഹായം നൽകാതിരിക്കലുമാണ് മേൽപ്പറഞ്ഞ സംഭവങ്ങൾക്ക് കാരണം. സമൂഹത്തിലെ പിന്നോക്ക അധഃസ്ഥിത വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളാണ് ഇത്തരം അവസ്ഥയിലായത്.

ഭുവനേശ്വറിൽ ചേർന്ന ഫ്രഡറേഷൻ ഓഫ് ഇൻഡ്യൻ റാഷണലിസ്റ്റ് അസോസിയേഷൻസ് ദേശീയ എക്സിക്യൂട്ടിവ് യോഗം ഇന്ത്യയുടെ വിദ്യാഭ്യാസ നയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുന്നതിന് ആഹ്വാനം ചെയ്യുകയും ചെയ്തു.

ഭുവനേശ്വറിലെ ലോഹ്യ അക്കാഡമി ട്രസ്റ്റ് ഹാളിൽ ചേർന്ന ഫിറ ദേശീയ എക്സിക്യൂട്ടിവ് യോഗത്തിൽ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. നരേന്ദ്രനായിക്ക് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ. സുധേഷ് ഗോധേറാവു പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. കേരളത്തിൽനിന്നും ഫിറ ദേശീയ ഉപാധ്യക്ഷനും കേരളാ യുക്തിവാദിസംഘം വൈസ് പ്രസിഡന്റുമായ ഇരിങ്ങൽ കൃഷ്‌ണൻ, ഫിറ ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും എ ടി കോവൂർ ട്രസ്റ്റ് സെക്രട്ടറിയുമായ ധനുവച്ചപുരം സുകുമാരൻ, ഡോ. സി വി. ജയകുമാർ, സി എം എൽസ, എസ്. ശശി എന്നിവർ യോഗത്തിൽ പങ്കെടുത്തു.