Sun. Feb 25th, 2024

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെരുക്കുന്ന കേന്ദ്ര സാമ്പത്തിക നയങ്ങള്‍ക്കെതിരെ നിയമസഭ പ്രമേയം പാസാക്കി. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ചട്ടം 118 അനുസരിച്ച് പ്രമേയം അവതരിപ്പിച്ചത്.

രാജ്യത്ത് ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണു കേന്ദ്രസര്‍ക്കാരിന്റെ സമീപനമെന്നു പ്രമേയം കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ കീഴ്ഘടകങ്ങളായി സംസ്ഥാനങ്ങളെ കാണുന്നത് അവസാനിപ്പിക്കണം. കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറയ്ക്കുന്നതും ഗ്രാന്റുകള്‍ തടഞ്ഞുവയ്ക്കുന്നതും അവസാനിപ്പിക്കണം. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.



കേന്ദ്രത്തിനെതിരായ പ്രമേയത്തിനു കാത്തുനില്‍ക്കാതെ സഭയില്‍ നിന്നിറങ്ങിപ്പോയ പ്രതിപക്ഷത്തെയും മന്ത്രി വിമര്‍ശിച്ചു. കേരളത്തിന്റെ പൊതു ആവശ്യത്തിന് പ്രതിപക്ഷം കൂട്ടുനിന്നില്ലെന്നാണ് വിമര്‍ശനം. ഭേദഗതികളില്ലാതെ പ്രമേയം പാസ്സാക്കി.

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ എസ് എഫ് ഐ ഒ അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.

കോടതിയുടെ പരിഗണനയിലുള്ള വിഷയം ചര്‍ച്ച ചെയ്യാനാവില്ലെന്നു ചട്ടം ഉദ്ധരിച്ചു കൊണ്ടാണു സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചത്. പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ മുഖ്യമന്ത്രി സഭയിലുണ്ടായിരുന്നില്ല. മുഖ്യമന്ത്രി സഭയില്‍ നിന്ന് ഒളിച്ചോടി എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം.