കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോണ്‍ഗ്രസ് നേതാവായ മുന്‍ മന്ത്രി കെ ബാബു എം എല്‍ എയുടെ 25.82 ലക്ഷം രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടി. 2007 മുതല്‍ 2016 വരെ കാലയളവില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറില്‍ എക്‌സൈസ് മന്ത്രിയായിരിക്കെ കെ ബാബു അഴിമതിയിലൂടെ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നാണ് കേസ്. കൊച്ചിയിലെ ഓഫിസില്‍ വിളിച്ചുവരുത്തി കെ ബാബുവിനെ ഇ ഡി നേരത്തേ ചോദ്യംചെയ്തിരുന്നു. ഇതേ സംഭവത്തില്‍ വിജിലന്‍സും ബാബുവിനെതിരെ കേസെടുത്ത് എഫ് ഐ ആര്‍ റിജസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമസഭാ സമ്മേളനം നടക്കുന്ന ഘട്ടത്തില്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷം ആയുധങ്ങള്‍ തിരയുമ്പോള്‍ ബാബുവിന്റെ സ്വത്തു കണ്ടുകെട്ടിയ നടപടി കോണ്‍ഗ്രസ്സിനു കനത്ത തിരിച്ചടിയായി.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ കെ ബാബുവിനെ ഇ ഡി നിരവധി തവണ ചോദ്യംചെയ്തിരുന്നു. കേസില്‍ വിജിലന്‍സ് നല്‍കിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. തനിക്ക് വരവില്‍ കവിഞ്ഞ സ്വത്തില്ലെന്നും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ കുറ്റപത്രമെന്നുമുള്ള നിലപാടിലായിരുന്നു കെ ബാബു.
കെ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. കെ ബാബുവിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകളിലും അദ്ദേഹത്തിന്റെ ഓഫീസുകളിലുമൊക്കെ പരിശോധന നടത്തിയപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റും ഈ കേസ് ശ്രദ്ധിച്ചിരുന്നു.
150 കോടിയുടെ സാമ്പത്തിക ഇടപാടുകള്‍ കെ ബാബുവിനും കൂട്ടര്‍ക്കുമെതിരേ വിജിലന്‍സ് തുടക്കത്തില്‍ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ഫോഴ്സ്മെന്റും കേസില്‍ ഇടപെട്ടത്. എന്നാല്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായപ്പോള്‍ വരവില്‍ കവിഞ്ഞ സ്വത്ത് 25 ലക്ഷമായി കുറഞ്ഞു. തനിക്ക് കിട്ടിയ ട്രാവല്‍, ഡെയ്‌ലി അലവന്‍സുകള്‍ വരുമാനമായി കണക്കാക്കിയതാണ് തെറ്റായ കണക്കിലേക്ക് വിജിലന്‍സിനെ നയിച്ചതെന്നായിരുന്നു കെ ബാബു പറഞ്ഞിരുന്നത്. വിജിലന്‍സ് കണ്ടെത്തിയ അനധികൃത സമ്പാദ്യങ്ങളാണു ഇ ഡി സര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്നത്.

