Sun. Feb 25th, 2024

ഇംഫാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പിയേയും കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പിയേയും സംബന്ധിച്ച് മണിപ്പൂർ ഇന്ത്യയുടെ ഭാഗമല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്ര ഇംഫാലിൽ ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പൂരിലെ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദന തങ്ങൾക്ക് മനസ്സിലാകുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, സംസ്ഥാനത്ത് സമാധാനം തിരികെകൊണ്ടുവരുമെന്ന് ഉറപ്പുനൽകി. ‘മണിപ്പൂരിലെ ജനങ്ങളുടെ നഷ്ടങ്ങളും വേദനകളും ഞങ്ങൾക്ക് മനസ്സിലാകും. ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത് നിങ്ങളെ കേൾക്കാനാണ്. നിങ്ങളുടെ വേദന പങ്കുവെക്കാനാണ്. ഐക്യത്തിന്റേയും ഒത്തൊരുമയുടേയും പുതിയൊരു ഇന്ത്യയെക്കുറിച്ച് പറയാനാണ്. ഞങ്ങൾ ഉറപ്പുനൽകുന്നു, നിങ്ങൾക്ക് നഷ്ടപ്പെട്ട, വിലപ്പെട്ടവയൊക്കെയും തിരികെ നൽകും. മണിപ്പൂരിലെ ഐക്യവും സമാധാനവും തിരികെ കൊണ്ടുവരും’, രാഹുൽ ഗാന്ധി പറഞ്ഞു.



‘ബി.ജെ.പിയുടെ രാഷ്ട്രീയം കാരണം മണിപ്പൂരിലെ മൂല്യമേറിയതൊക്കെയും നഷ്ടപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പിയേയും ആർ.എസ്.എസിനേയും സംബന്ധിച്ച് മണിപ്പൂർ ഇന്ത്യയുടെ ഭാഗമല്ല. ഭരണം തകിടം മറിഞ്ഞ, ക്രമസമാധാനം തകർന്ന ഇടമാണ് മണിപ്പൂർ’, രാഹുൽ പറഞ്ഞു.

‘മണിപ്പുർ വിഭജിക്കപ്പെട്ടു. എല്ലായിടത്തും വിദ്വേഷം പരത്തി. നിരവധി ജനങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. കൺമുമ്പിൽ വെച്ച് പ്രിയപ്പെട്ടവർ ഇല്ലാതെയായി. ഇനിയും നിങ്ങളുടെ കണ്ണീരു തുടക്കാനോ കൈ ചേർത്തു പിടിക്കാനോ പ്രധാനമന്ത്രി വന്നിട്ടില്ല’, രാഹുൽ ഗാന്ധി പറഞ്ഞു. ഇത് ലജ്ജാകരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരത് ജോഡോ യാത്രയുടെ ആദ്യഘട്ടം കാൽനട യാത്രയായിരുന്നു. രണ്ടാം ഘട്ടത്തിലും കാൽനടയാത്രയായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് അതിൽ മാറ്റംവരുത്തിയതെന്നും രാഹുൽ പറഞ്ഞു.