Sun. Feb 25th, 2024

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന സമയം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ മാറ്റിയെന്ന പ്രചാരണം മറുപടി അര്‍ഹിക്കാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുരേഷ് ഗോപി കല്യാണം മുടക്കിയല്ലെന്ന് സൈബര്‍ കമ്മികള്‍ മനസിലാക്കണം. ഗുരുവായൂരില്‍ കല്യാണങ്ങള്‍ക്ക് മുഹൂര്‍ത്തം ഇല്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

നരേന്ദ്രമോദി വരുന്നത് പ്രമാണിച്ച് ഗുരുവായൂരില്‍ 12 വിവാഹങ്ങളിലാണ് മാറ്റം വരുത്തിയത്. എന്നാല്‍ ഗുരുവായൂരില്‍ വിവാഹം നടത്താന്‍ മുഹൂര്‍ത്തം നോക്കാറില്ലെന്നും പ്രധാനമന്ത്രി വരുന്നത് കൊണ്ട് സമയത്തില്‍ മാത്രമേ മാറ്റമുള്ളൂവെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിശദീകരണം.

വിവാഹ സമയത്തില്‍ മാത്രമേ മാറ്റമുള്ളൂ. ബുക്ക് ചെയ്ത എല്ലാ വിവാഹങ്ങളും ഗുരുവായൂരില്‍ വച്ച് തന്നെ നടക്കുമെന്ന് ദേവസ്വംബോര്‍ഡും പൊലീസും വ്യക്തമാക്കിയെന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സുരേഷ്ഗോപിക്ക് വിവാഹം മുടക്കിയല്ല വിവാഹം നടത്തിയാണ് ശീലമെന്നും എന്നാല്‍ വാസ്തവമല്ലാത്ത പ്രചാരണങ്ങളാണ് ഇടത് ഹാന്‍ഡിലുകള്‍ നടത്തുന്നതെന്നും സുരേന്ദ്രന്‍ കുറപ്പില്‍ വ്യക്തമാക്കുന്നു.