Sun. Feb 25th, 2024

കൊല്ലം: കൊല്ലത്ത് അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പട്ടത്താനം ചെമ്പകശ്ശേരി യില്‍ ജവഹര്‍നഗറില്‍ ജോസ് പ്രമോദ് ( 41 ), മകന്‍ ദേവനാരായണന്‍ (9), മകള്‍ ദേവനന്ദ (4) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മക്കളെ കൊന്ന് പ്രമോദ് ജീവനൊടുക്കിയെന്നാണു പ്രാഥമിക നിഗമനം. കുട്ടികളുടെ അമ്മ ഡോക്ടറാണ്. തൊട്ടടു ത്തുള്ള എസ് ന്‍ വി സദനത്തില്‍ താമസിച്ച് പിജിക്ക് പഠിക്കുകയാണ് ഇവര്‍. മക്കളുടെ മൃതദേഹം മുകള്‍ നിലയിലേക്കുള്ള ഗോവണിയുടെ കൈവരിയില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. കിടപ്പുമുറിയിലാണ് പ്രമോദിന്റെ മൃതദേഹം കണ്ടെത്തിയത്.

ഭാര്യയും ഭര്‍ത്താവും തമ്മില്‍ കുടുംബ വഴക്ക് ഉണ്ടായിരുന്നു എന്നാണു പോലീസ് നല്‍കുന്ന സൂചന. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ എന്നാണു പോലീസ് പറയുന്നത്.



പ്രമോദും ഭാര്യ ഡോ. ലക്ഷ്മിയും തമ്മില്‍ കുറച്ച് നാളായി അകല്‍ച്ചയിലായിരുന്നു. പിജി പഠനത്തിന് തയ്യാറെടു ക്കാനായി ലക്ഷ്മിക്ക് ഏറെ നാളായി വീടുമായി വലിയ അടുപ്പമുണ്ടായിരുന്നില്ല. ഒന്‍പതാം ക്ലാസ് മുതലുള്ള പ്രണയത്തിന് ശേഷമാണ് പ്രമോദ് ജോസും ലക്ഷ്മിയും വിവാഹം കഴിക്കുന്നത്. ഓട്ടോ ഡ്രൈവറയാരുന്ന പ്രമോദ് പിന്നീട് ഗള്‍ഫില്‍ ജോലി തേടി പോയി. എന്നാല്‍ എട്ട് വര്‍ഷത്തോളമായി പ്രമോദ് ജോലിക്കൊന്നും പോയിരുന്നില്ല.

സ്ഥിരം മദ്യപനായിരുന്ന പ്രമോദും ഭാര്യയും തമ്മില്‍ വഴക്കുകളുണ്ടായിരുന്നെന്നും തുടര്‍ പഠനത്തിനായി ലക്ഷ്മി മറ്റൊരിടത്തോക്ക് മാറിയതിന് പിന്നാലെ കുടുംബവുമായി ഏറെ അകല്‍ച്ചയിലായിരുന്നുവെന്നുമാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇക്കാരണങ്ങളിലാകാം പ്രമോദ് മക്കളെ കൊന്ന് ആത്മഹത്യ ചെയ്തതെന്ന അനുമാനത്തിലാണ് പോലീസ്. താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും ലോകത്തോട് വിട പറയുകയാണെന്നും പ്രമോദ് തന്റെ മൂത്ത സഹോദരനും ഭാര്യ ലക്ഷ്മിക്കും വാട്ട്‌സ് ആപ്പില്‍ മെസേജ് അയച്ചിരുന്നു. അര്‍ദ്ധരാത്രി 1.55 ഓടെയാണ് മെസേജ് ലഭിച്ചത്. എന്നാല്‍ ഇരുവരും സന്ദേശം രാവിലെയാണ് കാണുന്നത്. മെസേജ് കണ്ട ലക്ഷ്മി വിവരം തന്റെ അമ്മയെ വിളിച്ചറിയിച്ചു.

ലക്ഷ്മിയുടെ അമ്മ സ്ഥലത്തെത്തി ബന്ധുക്കളെ വിളിച്ച് വീട്ടിലെത്തിയപ്പോള്‍ ഗേറ്റ് പൂട്ടികിടക്കുകയായിരുന്നു. ഗേറ്റ് ചാടിക്കടന്ന് വീട്ടിലെത്തിയപ്പോഴാണ് മൂന്നു പേരുടെയും മരണം പുറത്തറിയുന്നത്. രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം പ്രമോദ് കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.