Sun. Feb 25th, 2024

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രാഹ്മണ പാചകക്കാരനെയും ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ബ്രാഹ്മണ ശാന്തി​ക്കാരെയും നി​യമി​ക്കാനുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡി​ന്റെ വി​വാദ വി​ജ്ഞാപനത്തി​ലെ തുടർനടപടി​കൾ മരവി​പ്പി​ച്ചു. ദേവസ്വം നി​യമനങ്ങളി​ൽ ജാതി​ പരി​ഗണന പാടി​ല്ലെന്ന സുപ്രീംകോടതി​ ഉത്തരവും സംസ്ഥാന സർക്കാരി​ന്റെ സർക്കുലറും മറി​കടന്നതായി പരാതി ഉയർന്നതോടെയാണ് റി​ക്രൂട്ട്മെന്റ് ബോർഡി​ന്റെ തീരുമാനം. ഇക്കാര്യത്തിൽ വ്യക്തത തേടി സർക്കാരിനെ സമീപിക്കാനും തീരുമാനിച്ചു. കൂടൽമാണിക്യം ദേവസ്വം ഭരണസമിതിയംഗം എ.വി. ഷൈനും പരാതിക്കാരനാണ്.

കഴി​ഞ്ഞ ഒക്ടോബർ 11​നാണ് രണ്ട് വി​ജ്ഞാപനങ്ങളും ഇറങ്ങി​യത്. 23,000 – 50,200 രൂപ സ്കെയി​ലി​ലുള്ള കുക്കി​ന്റെ ഒഴിവിലേക്ക് ബ്രാഹ്മണ പുരുഷന്മാർക്ക് മാത്രമായി​രുന്നു യോഗ്യത. കൂടൽമാണി​ക്യ ക്ഷേത്രത്തി​ലെ 13,190 – 20,530 രൂപ സ്കെയി​ലുള്ള മൂന്ന് കീഴ്ശാന്തി​ തസ്കി​കയി​ലേക്കും അപേക്ഷി​ക്കാൻ കുറുമ്പ്രനാട് ദേശക്കാരായ നമ്പൂതി​രി​മാർക്ക് മാത്രമായി​രുന്നു അർഹത. ഈ ദേശക്കാരെ കി​ട്ടി​യി​ല്ലെങ്കി​ൽ ഇരിങ്ങാലക്കുട, ശുകപുരം, പെരുവനം ഗ്രാമങ്ങളി​ലെ നമ്പൂതി​രി​മാരെയും പരി​ഗണി​ക്കും.



തി​രുവി​താംകൂർ, കൊച്ചി​, മലബാർ, ഗുരുവായൂർ, കൂടൽമാണി​ക്യം ദേവസ്വം നി​യമനങ്ങളുടെ ചുമതലയാണ് കേരള ദേവസ്വം റി​ക്രൂട്ട്മെന്റ് ബോർഡി​നുള്ളത്. നി​യമനങ്ങളി​ൽ ജാതി​ വി​വേചനവും അഴി​മതി​യും വ്യാപകമായപ്പോൾ ഉമ്മൻചാണ്ടി​ സർക്കാർ റി​ക്രൂട്ട്മെന്റ് ബോർഡ് രൂപീകരി​ക്കുകയായിരുന്നു. ചട്ടപ്രകാരം ബോർഡി​ന് ജാതി​ പരി​ഗണനയി​ൽ നി​യമനം നടത്താനാവി​ല്ല. കൂടൽമാണിക്യം തന്ത്രിമാരുടെ പ്രത്യേക യോഗം ചേർന്നാണ് കീഴ്ശാന്തിയുടെ യോഗ്യത നിശ്ചയിച്ചത്. ഗുരുവായൂർ, ഇരി​ങ്ങാലക്കുട ദേവസ്വങ്ങളുടെ സ്പെഷ്യൽ റൂളുകളി​ൽ ഇതി​ന് വ്യവസ്ഥയുണ്ടെന്നായിരുന്നു എന്നാണ് റിക്രൂട്ട്മെന്റ് ബോർഡിന്റെ വിശദീകരണം.

എന്നാൽ ദേവസ്വം ബോർഡുകളിൽ ജാതിയടിസ്ഥാനത്തിൽ നിയമനം നടത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് 2002 ഒക്ടോബർ മൂന്നിന് സുപ്രീം കോടതി വിധിയുണ്ട്. നീറിക്കോട് മഹാദേവ ക്ഷേത്രത്തിൽ പറവൂർ ശ്രീധരൻതന്ത്രിയുടെ മകൻ രാകേഷിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമിച്ചതിനെതിരായ നിയമ യുദ്ധത്തിലായിരുന്നു വിധി. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡുകളിൽ ഒരു നിയമനത്തിലും ജാതിപരിഗണന പാടില്ലെന്ന് 2014ലാണ് സംസ്ഥാന സർക്കാർ സർക്കുലർ ഇറക്കിയത്.