Sat. Mar 2nd, 2024

വർക്കല: വൈവിദ്ധ്യങ്ങളെ അപരവൽക്കരിക്കുന്ന ആശയങ്ങൾ വരുന്നത് നാഗ്പ്പൂരിൽ നിന്നാണെന്ന് തുറന്നടിച്ച് മുൻ നാഷണൽ ജൂഡീഷ്യൽ അക്കാദമി ഡയറക്ടറും, മുൻ നാഷണൽ ലോ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലറുമായ ഡോ. ജി. മോഹൻ ഗോപാൽ. ശിവഗിരിയിൽ 91-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന ഗുരുധർമ്മ പ്രചരണസഭാസമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1925 ൽ തന്നെ എന്താണ് ഇന്ത്യയുടെ വരാൻപോകുന്ന ദുരന്തമെന്ന് ഗുരു മുൻകൂട്ടികാണുകയും പരിഹാരം നിർദ്ദേശിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനെ ജാതിയുടെയും മതത്തിന്റെയുമൊക്കെ പേരിൽ അപരവൽക്കരിക്കുന്ന ആശയങ്ങൾ ശ്രദ്ദിച്ചാൽ അവയെല്ലാം മെയിഡ് ഇൻ നാഗ്പ്പൂർ ആണെന്ന് മനസിലാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


“വൈവിധ്യത്തെ അപരത്വമാക്കി മാറ്റരുത്” എന്നതാണ് ഗുരുവിൻറെ ഏറ്റവും വിലപ്പെട്ട സന്ദേശമെന്നും ഇന്നത്തെ ഇന്ത്യയിൽ ഏറ്റവും പ്രസക്തമായ സന്ദേശം ഇതാണെന്നും അപരത്വത്തിൻറെ ആശയങ്ങളെല്ലാം വരുന്നത് നാഗ്പ്പൂരിൽ നിന്നാണെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം ആർഎസ്എസ് നെ കടന്നാക്രമിച്ചത്. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമികൾ സമ്മേളനത്തിൽ ആദ്ധ്യക്ഷ്യം വഹിച്ചു. പിന്നോക്ക വികസന വകുപ്പ് മുൻ ഡയറക്ടർ ശ്രീ വി.ആർ ജോഷി, ശ്രീമദ് അസംഗാനന്ദ ഗിരി സ്വാമികൾ തുടങ്ങിയവർ സംസാരിച്ചു.