Sat. Mar 2nd, 2024

ആലപ്പുഴ: മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയെപ്പോലെ ദിവ്യാത്ഭുത- രോഗശാന്തി ശൂശ്രൂഷകളുടെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം സഞ്ചരിക്കുന്ന ആലപ്പുഴ കലവൂരിലെ കൃപാസനം റിസർച്ച് സെൻറർ ഡയറക്ടർ ഫാദർ ഡോ.വിപി ജോസഫ് വീണ്ടും ദിവ്യാത്ഭുതം കാട്ടിയതായി അവകാശ വാദമുന്നയിച്ച് സോഷ്യൽമീഡിയയിലും ആലപ്പുഴയുടെ തീരപ്രദേശങ്ങളിലും കൃപാസനം ഭക്തരുടെ വ്യാജപ്രചരണം. പ്രാത്ഥനയ്ക്കിടയിൽ അഞ്ച് അപ്പവും രണ്ട് അയലമീനും ഉപയോഗിച്ച് ഏകദേശം പതിനയ്യായിരത്തിൽ അധികം അപ്പവും അയ്യായിരത്തോളം അയല മൽസ്യവുമാണ് ബൈബിളിലെ അപ്പം വർദ്ധിപ്പിക്കൽ പരാമർശിക്കുന്ന നാല് സുവിശേഷ ഭാഗങ്ങളും വായിച്ചശേഷം വാഴ്ത്തി സ്തുതിച്ച് അദ്ദേഹം സൃഷ്ടിച്ചത് എന്നാണ് പറയുന്നത്. ധ്യാനത്തിന് ചെന്നവർക്ക് അപ്പവും മീനും വർദ്ധിപ്പിച്ച് നൽകിയ ശേഷം ജോസഫ് അച്ചനും ഉടമ്പടി എടുത്തവരോട് പറഞ്ഞു: “മിച്ചമുള്ള കഷണങ്ങ​ളെ​ല്ലാം എടുക്കുക. ഒന്നും കളയരുത്‌.”ബാക്കിവന്ന കഷണങ്ങൾ 12 കൊട്ട നിറയാൻ മാത്രം ഉണ്ടായി​രു​ന്നു എന്നാണ് പ്രചരിപ്പിക്കുന്നത്.


ബാക്കിവന്ന അപ്പവും മീന്കറിയുമാണെന്ന് പറഞ്ഞുകൊണ്ട് കാട്ടൂർ, അർത്തുങ്കൽ, തൈക്കൽ, വേട്ടയ്‌ക്കൽ, അന്ധകാരനഴി ഭാഗങ്ങളിലൊക്കെ കൃപാസനം പത്രത്തോടൊപ്പം പ്രേഷിതവേലക്കാർ അവരുടെ അയൽവക്കങ്ങളിലൊക്കെ വിതരണം ചെയ്തിരുന്നു. അപ്പവും മീൻകറിയും വിതരണം ചെയ്തത് ദിവ്യാത്ഭുതത്തിൻറെ പബ്ലിസിറ്റിക്കാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും അത് വെയിസ്റ്റാക്കാൻ താത്പര്യം ഇല്ലാത്തതുകൊണ്ടാണെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമെന്നുമാണ് കൃപാസനം ഭക്തർ പറയുന്നത്. ഇത് അദ്ദേഹം ഇരുപത്തഞ്ച് നോയമ്പ് തുടങ്ങുന്നതിന് മുൻപുള്ള ചൊവ്വാഴ്ച ഉപവാസപ്രാർത്ഥനയ്ക്ക് ശേഷം ചെയ്തതാണെന്നും ഇപ്പോഴാണ് സോഷ്യൽമീഡിയയിൽ ചർച്ചയായത് എന്നുമാണ് കൃപാസനം ഭക്തരിൽനിന്നും അറിയാൻ കഴിഞ്ഞത്.

എന്നാൽ മുൻപ് കൃപാസനം പത്രം ദോശയിലും ചമ്മന്തിയിലും അരച്ചുകഴിച്ച സംഭവം പോലെയല്ല, ഇതിനോട് അനുകൂലിച്ചും സോഷ്യൽമീഡിയയിൽ ധാരാളം പേർ രംഗത്തുവന്നിട്ടുണ്ട്. എന്തായാലും ദിവ്യാത്ഭുത- രോഗശാന്തി ശൂശ്രൂഷ രംഗത്തുളള വട്ടായി, കിട്ടായി വളവനാൽമാർക്കൊന്നും പറ്റിയിട്ടില്ലാത്ത കാര്യമാണ് ‘അപ്പം വർദ്ധിപ്പിക്കൽ’ ശുശ്രൂഷയിലൂടെ അദ്ദേഹം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാർ ഇദ്ദേഹത്തിൻറെ കൃപാസനം ഗവേഷണ കേന്ദ്രത്തിന് ഇത്തരത്തിലുള്ള ഗവേഷണങ്ങൾ നടത്താനായി അരക്കോടി രൂപ ആദ്യ ബഡ്ജറ്റിൽ തന്നെ വകകൊള്ളിച്ച് നൽകിയിരുന്നു.


കോവിഡ് കാലത്ത് സകല ധ്യാനഗുരുക്കന്മാരും പൂട്ടി കെട്ടിയപ്പോൾ കൃപാസനം റിസേർച് സെൻറർ കൊറോണ നിർവീര്യ ഫോർമുല കണ്ടെത്തി ഓൺലൈൻ ഉടമ്പടി തുടങ്ങിയിരുന്നു. കൃപാസനത്തിലെ കൊറോണ നിർവീര്യ പ്രാർത്ഥനയിലൂടെ രോഗം ഭേദമായതായി ഏകെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി വരെ അനുഭവ സാക്ഷ്യം പറഞ്ഞിരുന്നു. ഇദ്ദേഹത്തിൻറെ ഈ കഴിവുകളൊക്കെ സർക്കാർ ഉപയോഗിക്കണെമന്നാണ് സോഷ്യൽമീഡിയയിൽ പൊതുവേ ഉയരുന്ന അഭിപ്രായം. അപ്പം വർദ്ധിപ്പിക്കാൻ കഴിവുള്ള ഇദ്ദേഹത്തെ കേരളത്തിൻറെയോ കേന്ദ്രത്തിൻറെയോ ഭക്ഷ്യമന്ത്രി ആക്കണം എന്നുവരെ അഭിപ്രായപ്പെടുന്നവരുണ്ട്.

എന്നാൽ യുക്തിവാദിസംഘക്കാർ കൃപാസനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. രോഗങ്ങൾ സൗഖ്യമാക്കിയതിനും പരീക്ഷ പാസാക്കിയതിനും വിവാഹതടസ്സം മാറ്റിയതിനും അപ്പവും മീനും കൊടുത്തതിനുമൊക്കെ എന്തിനാണ് പരാതികൊടുക്കുന്നത് എന്ന എതിരഭിപ്രായവും ഉയരുന്നുണ്ട്. വിശ്വാസസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുതരുന്നുണ്ട് എന്നും, അവിടെ നിയമവിരുദ്ധമായി ഒന്നും നടക്കുന്നില്ല എന്നും കൂടാതെ വിശ്വാസികൾക്ക് ഉപ്പ്, തേൻ ,എണ്ണ, കളർ ഉള്ള മെഴുകുതിരി, തൈലം ഇവയൊക്കെ കൊടുക്കുന്നത് നിയമവിരുദ്ധമാകുന്നത് എങ്ങനെയാണ്? ജോസഫ് അച്ചനെ കളിയാക്കുന്നവർക്ക് എന്ത് യോഗ്യതയാണ് ഉള്ളത് എന്നും അദ്ദേഹം ലോകസമാധാനത്തിനുവേണ്ടി കഴിഞ്ഞമാസം കലവൂരിൽനിന്ന് അർത്തുങ്കൽ ബസലിക്കയിലേക്ക് നടത്തിയ ജപമാലാ റാലി കണ്ട് ആലപ്പുഴ കിടുങ്ങിയതല്ലേ? എന്നും വേറാർക്കെങ്കിലും പറ്റുമോ അത്രയും ആളെക്കൂട്ടാൻ എന്നും അദ്ദേഹത്തിന് ഒരുകഴിവും ഇല്ലെങ്കിൽ അത്രയും ആളുകൾ വരുമോ? ഇന്നും ജീവിക്കുന്ന ദൈവമായ യേശുവിന് അസാദ്ധ്യമായി ഒന്നുമില്ലെന്നും കളിയാക്കാനും പരാതികൊടുക്കാനുമൊക്കെ ആർക്കും പറ്റും എന്നൊക്കെയാണ് കൃപാസനം ഭക്തന്മാർ ചോദിക്കുന്നത്. മുൻപ് ഈസ്ററ് ഇട്ട അപ്പപ്പൊടി കലക്കി കുപ്പിയിലാക്കി കൊടുത്ത് ഈ പൊടി നിങ്ങളുടെ വീട്ടിലെ അപ്പപൊടിയിൽ ചേർത്താൽ അപ്പം വർദ്ധിക്കുമെന്ന് പറഞ്ഞു കബളിപ്പിച്ചിരുന്നെങ്കിലും അത് അത്രയ്ക്ക് ഹിറ്റായിരുന്നില്ല.

എന്തായാലും പഴയ ദോശയുണ്ടാക്കിയ പുലിവാൽ പോലെയല്ല, അപ്പവും മീനും വർദ്ധിപ്പിച്ചത് വിശ്വാസികൾക്കിടയിൽ കൃപാസനം ഡയറക്റ്ററുടെ താരമൂല്യം ഒന്നുകൂടി ഉയർത്തുകയാണ് ഉണ്ടായിട്ടുള്ളത്. കേരളസർക്കാറിന് മകരജ്യോതി തട്ടിപ്പ് നടത്താമെങ്കിൽ ജോസഫ് അച്ചന് അപ്പം വർദ്ധിപ്പിക്കൽ തട്ടിപ്പും നടത്താൻ സ്വാതന്ത്ര്യമുണ്ട് എന്നത് തികച്ചും ന്യായമാണ്. അദ്ദേഹം പച്ചവെള്ളം വീഞ്ഞാക്കുന്ന ദിവ്യാത്ഭുതം കാണിക്കാത്ത സ്ഥിതിക്ക് മറ്റൊന്നും നിയമവിരുദ്ധവുമല്ല.