Fri. Mar 1st, 2024

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ആരും തൊടില്ലെന്നും മാത്യു കുഴല്‍നാടന്റെ പ്രസ്താവന കയ്യില്‍ വച്ചാല്‍ മതിയെന്നും മന്ത്രി ജെ. ചിഞ്ചുറാണി. പോലീസ് സുരക്ഷയില്ലാതെ പുറത്തിറങ്ങാന്‍ മുഖ്യമന്ത്രിക്ക് ധൈര്യക്കുറവുമില്ലെന്നും മന്ത്രി പറഞ്ഞു. പോലീസ് സുരക്ഷയില്ലാതെ പുറത്തിറങ്ങി നടക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ചോദ്യം. അങ്ങനെ നടന്നാല്‍ പൊതുജനം കൈവെക്കുമെന്നും കുഴല്‍നാടന്‍ പറഞ്ഞിരുന്നു.


പ്രതിപക്ഷം പോലീസിനെ ആക്രമിക്കാന്‍ ലക്ഷ്യം വെക്കുകയാണ്. എന്നിട്ടെല്ലാം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്യുവിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ പോലിസിന് നേരെ മുളക് പൊടി പ്രയോഗവും ചീമുട്ടയേറും ഗോലിയേറുമുണ്ടായിരുന്നു. പോലിസിന് നേരെ പ്രവര്‍ത്തകര്‍ ബിയര്‍ കുപ്പി വലിച്ചെറിയുകയും കല്ലേറും നടന്നു. തുടര്‍ന്ന് പോലിസ് ലാത്തിവീശി. പോലീസും മനുഷ്യരല്ലേയെന്നും എന്തിനിങ്ങനെ ചെയ്യുന്നുവെന്നും ചിഞ്ചുറാണി ചോദിച്ചു.