തൃശൂര്‍: സിനിമാ നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായിരുന്ന ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. മുഖ്യപ്രതി സി. അളഗപ്പനെ കുന്നംകുളത്ത് നിന്ന് ചെന്നൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തോടൊപ്പം ഭാര്യ നാച്ചായമ്മാളും മറ്റു രണ്ട് കുടുംബാംഗങ്ങളും പിടിയിലായിട്ടുണ്ട്. കുന്നംകുളത്ത് ഒളിവില്‍ കഴിയുന്നിടെയാണ് ഇവര്‍ പിടിയിലായത്.
തന്റെ 25 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്നാണ് ഗൗതമിയുടെ പരാതി. മകളുടെ പേരിലേക്കു സ്വത്തുക്കള്‍ മാറ്റാന്‍ സഹായം ആവശ്യപ്പെട്ടിരുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റ് അളഗപ്പനും ഭാര്യയും ചേര്‍ന്നാണ് തട്ടിപ്പു നടത്തിയതെന്നും പരാതിയില്‍ പറയുന്നു.
അളഗപ്പന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തടഞ്ഞുവെച്ചിരുന്നു. ഈ സംഭവത്തില്‍ തന്നെ പിന്തുണച്ചില്ലെന്നും അളഗപ്പനെ സംരക്ഷിക്കുകയാണെന്നും ആരോപിച്ച് ഗൗതമി ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചിരുന്നു.


