Sat. Mar 2nd, 2024

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടര്‍ന്ന് സി പി ഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം പിയെ തിരഞ്ഞെടുത്തു. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണു തീരുമാനം.

ഏകകണ്ഠമായാണ് ബിനോയിയെ സെക്രട്ടറിയായി സംസ്ഥാന എക്‌സിക്യൂട്ടീവ് തെരഞ്ഞെടുത്തതെന്ന് ദേശീയ സെക്രട്ടറി ഡി രാജ അറിയിച്ചു. 28 നു സംസ്ഥാന കൗണ്‍സില്‍ ചേരുമെന്നും എക്‌സിക്യൂട്ടീവ് തീരുമാനത്തിന് അന്തിമ അംഗീകാരം നല്‍കുമെന്നും ഡി രാജ മാധ്യമങ്ങളോട് പറഞ്ഞു. ആറുമാസത്തിനകം അദ്ദേഹം എം.പി. കാലാവധി പൂര്‍ത്തിയാക്കും.


ദേശീയ സെക്രട്ടേറിയറ്റ് അംഗമെന്നനിലയില്‍ ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ബിനോയിയുടെ പ്രവര്‍ത്തനം കേരളത്തിലേക്കു മാറ്റുന്നതില്‍ ദേശീയ നേതൃത്വത്തിന്റെ അനുമതിയുടെ അടിസ്ഥാനത്തിലാണു തീരുമാനം. 16, 17 തീയതികളില്‍ ചേരുന്ന ദേശീയ നിര്‍വാഹക സമിതി യോഗം തീരുമാനത്തിന് അംഗീകാരം നല്‍കും.

നിലവില്‍ എ ഐ ടി യു സി വര്‍ക്കിംഗ് പ്രസിഡന്റാണ്. 2006-2011 കാലത്ത് കേരള സര്‍ക്കാരില്‍ വനം മന്ത്രിയായിരുന്നു . നേരത്തെ നാദാപുരം നിയോജകമണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വൈക്കം ഗവണ്‍മെന്റ് ബോയ്സ് ഹൈസ്‌കൂളിലെ എ ഐ എസ് എഫ് യൂണിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.

കളമശ്ശേരി സെന്റ് പോള്‍സ് കോളജ് യൂണിയന്‍ ചെയര്‍മാനായി. കേരള യൂണിവേഴ്സിറ്റി യൂണിയന്‍ അംഗമായും കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ സിന്‍ഡിക്കേറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു . പിന്നീട് എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ സെക്രട്ടറിയുമായി.


18-ാം വയസ്സില്‍ സി പി ഐ അംഗമായി. 1992-98 കാലഘട്ടത്തില്‍ ദേശീയ കൗണ്‍സില്‍ അംഗമായി. സോവിയറ്റ് യൂണിയന്റെ യംഗ് കമ്മ്യൂണിസ്റ്റ് ലീഗ് ഏര്‍പ്പെടുത്തിയ ‘അംബാസഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ് എമങ് വേള്‍ഡ് യൂത്ത് അവാര്‍ഡ്’ നേടി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവായിരുന്ന സി കെ വിശ്വനാഥന്റെ മകനാണ് ബിനോയ് വിശ്വം. പാര്‍ട്ടി നേതാവായ അധ്യാപിക കൂത്താട്ടുകുളം മേരിയുടെ മകള്‍ ഷൈലയാണു വധു. ദ ഹിന്ദുവില്‍ ജോലി ചെയ്യുന്ന രശ്മി, ഹൈക്കോടതി അഭിഭാഷകയായ സൂര്യ എന്നിവരാണു മക്കള്‍.