Sun. Feb 25th, 2024

മലയാളികള്‍ കഴിഞ്ഞ നാല് വര്‍ഷമായ് കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ആടുജീവിതം സിനിമാ രൂപത്തില്‍ എത്തുമ്പോള്‍ അത് എങ്ങനെ ഉണ്ടാകുമെന്ന് അറിയാനുള്ള കാത്തിരിപ്പാണ് അത്. നജീബായുള്ള പൃഥ്വിരാജിന്റെ പകര്‍ന്നാട്ടം കാണാനുള്ള ആകാംക്ഷയും പ്രേക്ഷകര്‍ക്ക് ഏറെയാണ്. ചിത്രത്തിനായി പൃഥ്വി നടത്തിയ ത്യാഗകഥകള്‍ പലപ്പോഴും പുറത്തുവന്നിരുന്നു. മലയാള സിനിമയുടെ തലവര തന്നെ മാറ്റിമറിക്കാന്‍ പോകുന്ന ആടുജീവിതത്തിന്റെ വന്‍ അപ്‌ഡേറ്റ് വരാന്‍ ഒരുങ്ങുകയാണ്.


ആടുജീവിതത്തിന്റെ റിലീസ് തിയതി എത്തുന്നു എന്ന അപ്‌ഡേറ്റ് ആണ് പുറത്ത് വന്നിരിക്കുന്നത്. നാളെ അതായത് നവംബര്‍ 30ന് വൈകുന്നേരം നാല് മണിക്ക് റിലീസ് തിയതി പുറത്തുവരും. റിലീസ് വിവരം പങ്കുവച്ച് ഒരു ചെറു വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്. 2018 മാര്‍ച്ചില്‍ കേരളത്തില്‍ ആണ് ആടുജീവിതം തുടങ്ങുന്നത്. 2019ല്‍ സംഘം ജോര്‍ദാനില്‍ എത്തി. 2020 മാര്‍ച്ച് വരെ അവിടെ തന്നെ ആയിരുന്നു. അന്ന് കൊവിഡ് മഹാമാരി കാരണം സിനിമാ ടീം ജോര്‍ദാനില്‍ കുടുങ്ങിയ വാര്‍ത്ത പുറത്തുവന്നിരുന്നു. 2022 ഏപ്രിലില്‍ അല്‍ജീരിയയിലും 2022 മെയ്യില്‍ വീണ്ടും ജോര്‍ദ്ദാനില്‍ തന്നെ ഷൂട്ടിംഗ് നടന്നു. ശേഷം 2022 ജൂലൈയില്‍ ആടുജീവിതത്തിന് പാക്കപ്പ് പറയുക ആയിരുന്നു.

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം പാന്‍- ഇന്ത്യന്‍ തലത്തിലാണ്. പൃഥ്വിരാജ് സുകുമാരനൊപ്പം അമല പോളും ശോഭ മോഹനും ചിത്രത്തിലുണ്ട്. ഇവരെ കൂടാതെ വിദേശ കലാകാരന്മാരും ചിത്രത്തിലുണ്ട്. എ ആര്‍ റഹ്മാന്‍ ആണ് സംഗീത സംവിധാനം. കെ.എസ്. സുനില്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധാം പ്രശാന്ത് മാധവ് ആണ്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. രഞ്ജിത്ത് അമ്പാടിയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ്. സൂര്യ ചിത്രം കങ്കുവയുടെ മേക്കപ്പും രഞ്ജിത്ത് ആണ്.