Sun. Feb 25th, 2024

കോഴിക്കോട്: ഫലസ്തീന്‍ ജനതയുടെ പോരാട്ടത്തിനൊപ്പം എന്നും കോണ്‍ഗ്രസും ഇന്ത്യന്‍ സര്‍ക്കാറുമൊപ്പമുണ്ടായിരുന്നുവെന്ന് കെ സി വേണുഗോപാല്‍. കോണ്‍ഗ്രസ് അമേരിക്കക്ക് മുന്നിലും ചൈനക്ക് മുന്നിലും കവാത്ത് മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി കോഴിക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാല്‍.


ഗാന്ധിയാണ് ഫലസ്തീന്‍ നയം രൂപപ്പെടുത്തി കോണ്‍ഗ്രസിന് നല്‍കിയത്. നെഹ്‌റുവും ഇന്ദിരയും രാജീവ് ഗാന്ധിയും എല്ലാം അത് ഏറ്റെടുത്തു. ആരൊക്കെ എവിടെയൊക്കെ കോളനിവത്കരണത്തിന് ശ്രമിച്ചാലും കോണ്‍ഗ്രസ് ശക്തമായ നിലപാടെടുക്കും. യാസര്‍ അറാഫത്തിനെ ഫലസ്തീന്റെ ഭരണത്തലവനെന്ന് വിശേഷിപ്പിച്ച വ്യക്തിയാണ് രാജീവ് ഗാന്ധി. ലോകത്തെ ഒരു രാജ്യവും അംബാസഡറെ അയയ്ക്കാന്‍ ധൈര്യപ്പെടാത്ത കാലത്ത് ഫലസ്തീനിലേക്ക് അംബാസഡറെ അയയ്ക്കാന്‍ ധൈര്യം കാണിച്ച രാജ്യം കോണ്‍ഗ്രസിന്റെ ഇന്ത്യയായിരുന്നു. നെതന്യാഹുവും മോദിയും ഒരേ രീതിയിലുള്ള മനുഷ്യരാണ്. ഒരാള്‍ വംശീയതയും മറ്റേയാള്‍ സയണിസവുമാണ് മുന്നോട്ടുവെക്കുന്നത്. കോണ്‍ഗ്രസിന് ഒരേയൊരു നയമേ ഉള്ളൂ. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കാണണം എന്ന് കരുതുന്ന ചിലര്‍ ഇവിടെ ഉണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.