Sat. Mar 2nd, 2024

മന്‍സൂര്‍ അലി ഖാന്റെ പ്രസ്താവനയ്ക്ക് എതിരെ തെലുങ്ക് നടന്‍ ചിരഞ്ജീവി. മന്‍സൂര്‍ അലി ഖാന്‍ നടത്തിയ മോശം പരാമര്‍ശം ശ്രദ്ധയില്‍പെട്ടു. അത് ഒരു കലാകരന് മാത്രമല്ല ഏത് ഒരു സ്ത്രീക്കും പെണ്‍കുട്ടിക്കും അരോചകവും വെറുപ്പുളവാക്കുന്നതുമാണ്. അതിനെ നമ്മള്‍ ശക്തമായി അപലപിക്കണം. തൃഷയ്‌ക്കൊപ്പമാണ് ഞാന്‍ നില്‍ക്കുന്നത്, അങ്ങനെ മോശം കമന്റുകള്‍ നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്കുമൊപ്പവുമാണ് എന്ന് ചിരഞ്ജീവി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.


തൃഷ നായികയായ ലിയോയില്‍ റേപ് സീന്‍ ഇല്ലായിരുന്നു എന്നും ഉറപ്പായും ഒരു ബെഡ് റൂം സീന്‍ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നുമായിരുന്നു മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്. ഇതിനെതിരെ പ്രതികരിച്ച് തൃഷ തന്നെ രംഗത്ത് എത്തിയിരുന്നു. മന്‍സൂര്‍ അലി ഖാന്‍ എന്നെക്കുറിച്ച് ക്രൂരവും വെറുപ്പുളവാക്കുന്നതുമായി സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാന്‍ ഇടയായി. ഞാന്‍ അതില്‍ ശക്തമായി അപലപിക്കുകയാണ്. സ്ത്രീവിരുദ്ധനായ ഒരാളുടേതാണ് ആ പ്രസ്താവന. അയാള്‍ നമ്മുടെ മനുഷ്യരാശിക്ക് അപമാനമാണ് എന്നുമാണ് തൃഷ വ്യക്തമാക്കിയത്. തൃഷക്ക് പിന്തുണയറിയിച്ച് സിനിമാ മേഖലയില്‍ നിന്നും ഒത്തിരി പേര്‍ രംഗത്തെത്തിയിരുന്നു.

മന്‍സൂര്‍ അലി ഖാന് എതിരെ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ ഇന്ന് കേസ് എടുത്തിട്ടുണ്ട്. വിവിധ വകുപ്പുകള്‍ ചുമത്തി മന്‍സൂറിനെതരെ കേസ് എടുക്കാന്‍ ഡിജിപിക്ക് വനിതാ കമ്മിഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശത്തിനെതിരെ താര സംഘടനയും നടികര്‍ സംഘവും നേരത്തെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ തൃഷയ്ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്നാണ് മന്‍സൂര്‍ അലി ഖാന്‍ പറയുന്നത്. ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് മന്‍സൂറിന്റെ പ്രസ്താവന.