Tue. Apr 16th, 2024

ആലപ്പുഴ: കുട്ടനാട്ടിലെ കര്‍ഷകന്‍ തകഴി കുന്നമ്മ കെ ജി പ്രസാദിന്റെ മരണത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വിഷം ഉള്ളില്‍ ചെന്നതാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചു. വിഷം ഏതാണെന്ന് അറിയാന്‍ സാമ്പിളുകള്‍ രാസപരിശോധനക്ക് അയച്ചു. ആത്മഹത്യാ കുറിപ്പിലെ കൈയക്ഷരം പ്രസാദിന്റേതു തന്നെയാണെന്നാണ് പോലീസ് നിഗമനം.


പി ആര്‍ എസ് കുടിശ്ശികയുടെ പേരില്‍ ബേങ്കുകള്‍ വായ്പ തരുന്നില്ലെന്നും ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്നും മരണത്തിനു മുമ്പ് പ്രസാദ് സുഹൃത്തിനെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനെയാണ് ഫോണില്‍ വിളിച്ച് പ്രസാദ് വിഷമമറിയിച്ചത്.

ബി ജെ പിയുടെ കര്‍ഷക സംഘടനയായ കിസാന്‍ സംഘിന്റെ ആലപ്പുഴ ജില്ലാ പ്രസിഡന്റാണ് പ്രസാദ്. വിഷം കഴിച്ച് അവശനിലയിലായിരുന്ന പ്രസാദിനെ അയല്‍ക്കാര്‍ ആദ്യം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് തിരുവല്ല ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് പോലീസ് നടത്തിയ തിരച്ചിലില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദിയെന്ന് ആത്മഹത്യാ കുറിപ്പില്‍ പ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്.