ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന പഞ്ചാബ്, തമിഴ്‌നാട് ഗവര്‍ണര്‍മാരുടെ നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. തീകൊണ്ട് കളിക്കരുതെന്നും ഗവര്‍ണര്‍മാര്‍ ഇങ്ങനെ പെരുമാറിയാല്‍ പാര്‍ലിമെന്ററി ജനാധിപത്യം എവിടെയെത്തുമെന്നും പരമോന്നത കോടതി ചോദിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
ബില്ലുകളുടെ കാര്യത്തില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കണം. മന്ത്രിസഭയുടെ തീരുമാനത്തിനനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. വിവേചനാധികാരം ഇല്ലാത്ത വിഷയങ്ങളില്‍ സ്വതന്ത്ര തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ല. നിയമസഭാ സമ്മേളനത്തിന്റെ സാധുത ഗവര്‍ണര്‍ ചോദ്യം ചെയ്തത് ശരിയായില്ല. സമ്മേളനം ചേര്‍ന്നത് ചട്ടവിരുദ്ധമായല്ല. നിയമ നിര്‍മാണ സഭകളില്‍ പ്രധാന അധികാരം സ്പീക്കര്‍ക്കാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതിനിടെ, കേരള സര്‍ക്കാരിനെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രാജ്ഭവനെയും ബാധിച്ചുവെന്നും സ്വിമ്മിംഗ് പൂളിനും ആഘോഷത്തിനും കോടികള്‍ ഉണ്ടെങ്കിലും പെന്‍ഷനും ശമ്പളവും നല്‍കാന്‍ സര്‍ക്കാരിന്റെ കൈയില്‍ പണമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

