Tue. Nov 24th, 2026

തിരുവനന്തപുരം: മന്ത്രിസഭാ പുനസ്സംഘടന നവകേരള സദസ്സിനു ശേഷം നടത്താന്‍ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ ഡി എഫ് യോഗത്തെ അറിയിച്ചു. പുനസ്സംഘടനയുടെ തീയതി കൃത്യമായി പറയണമെന്ന് കേരള കോണ്‍ഗ്രസ് (ബി) യോഗത്തില്‍ ആവശ്യപ്പെട്ടു. ഡിസംബറില്‍ തന്നെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.


പുനസ്സംഘടന നവകേരള സദസ്സിന് ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടനം നടക്കാനിരിക്കുന്നതിനാല്‍ സംസ്ഥാന മന്ത്രിസഭാ അഴിച്ചുപണിക്ക് ഉടന്‍ സാധ്യതയുണ്ടാകില്ലെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്നാണ് ഇ പി ജയരാജന്‍ പറഞ്ഞിരുന്നത്. പുനസ്സംഘടന നേരത്തെ വേണമെന്ന് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയുടെ കേരള കോണ്‍ഗ്രസ് ബി ആവശ്യപ്പെട്ടിരുന്നു.

2021ലെ തിരഞ്ഞെടുപ്പിനു ശേഷം എല്‍ഡിഎഫ് ധാരണ അനുസരിച്ച് ഒറ്റ എം എല്‍ എ മാത്രമുള്ള നാല് പാര്‍ട്ടികള്‍ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടണം. ഇതുപ്രകാരം കാലാവധി തികയുന്നത് നവംബര്‍ 20 നാണ്. ഗതാഗത മന്ത്രി ആന്റണി രാജു, തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവരാണ് മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ടത്. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാകും പകരം മന്ത്രിമാരാവുക.