✍️ ലിബി. സിഎസ്
അധ്യാപകനും ചിന്തകനും എഴുത്തുകാരനുമായ ഡോ. ടി.എസ്. ശ്യാം കുമാറിന് നേരെ ഓൺ ലൈനിലും ഓഫ് ലൈനിലും ഉള്ള സനാതനികളുടെ അതിക്രമം തുടരുകയാണ്. തനിക്ക് നേരെയുള്ള വധഭീഷണിക്കും സൈബർ ആക്രമണത്തിനുമെതിരെ അദ്ദേഹം പോലീസ് സ്റ്റേഷനിലും ഡിജിപിക്കും മുഖ്യമന്ത്രിക്കും എല്ലാം പരാതികൊടുത്ത ശേഷമാണ് ഹരിപ്പാട് വെച്ചുള്ള സംഭവം ഉണ്ടായത്. അതിന് ശേഷം ഇൻസ്റ്റാഗ്രാമിൽ അദ്ദേഹത്തിൻറെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി അടുത്ത അഭ്യാസം ആരംഭിച്ചിരിക്കുകയാണ്. പൊലീസ് സാധാരണ ദളിതരുടെ കേസുകളിൽ സ്വീകരിക്കുന്ന നിലപാടാണ് ഇക്കാര്യത്തിലും സ്വീകരിച്ചിട്ടുള്ളത് എന്നുവേണം കരുതാൻ.
ഇത്തരത്തിൽ ബിന്ദു അമ്മിണിക്കുണ്ടായതുപോലെ ഒരനുഭവം ഇനിയൊരു ദളിതനും കേരളത്തിൽ ഉണ്ടാകാൻ അനുവദിക്കരുത്. ഇവരുടെ അഭ്യാസമൊക്കെ ദളിതരുടെ അടുത്താണ് എന്നതാണ് വാസ്തവം, ശൂദ്രകലാപ കാലത്തും ബിന്ദു അമ്മിണിയുടെയും ബിന്ദു തങ്കം കല്യാണിയുടെയും എസ്പി മഞ്ജുവിന്റെയും വീട്ടിൽക്കയറിയും അവർ നടക്കുന്ന വഴിയിലും നടത്തിയ അഭ്യാസവും അവരുടെ ജോലിസ്ഥലങ്ങളിലേക്ക് വരെ തെറി നാമജപം ഉൾപ്പെടെ നടത്തിയവർ എന്തുകൊണ്ടാണ് മറ്റു സ്ത്രീകളുടെ അടുത്ത് ഈ അഭ്യാസം ഇറക്കാതിരുന്നത്? ശബരിമല സ്ത്രീപ്രവേശന മുന്നേറ്റത്തിൽ പങ്കെടുത്തവരുടെ ലിസ്റ്റ് ഞാൻ മുൻപ് പലതവണ പോസ്റ്റിയിരുന്നല്ലോ? അവരിൽ ദളിതരല്ലാത്ത ആരുടെ അടുത്താണ് അയ്യപ്പഗുണ്ടകൾ അഭ്യാസമിറക്കാനും പിന്നീട് പുറകേ നടന്ന് അക്രമം കാണിക്കാനും ധൈര്യപ്പെട്ടിട്ടുള്ളത്?
പാലക്കാട്ടെ സ്കൂളിൽ ബിന്ദു ടീച്ചറെ (ബിന്ദു തങ്കം കല്യാണി) ജോലിചെയ്യാൻ അനുവദിക്കില്ലെന്നും പറഞ്ഞു അവരുടെ സ്കൂളിൽ പലദിവസങ്ങളിൽ ശോഭാസുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ ആഹ്വാനം അനുസരിച്ച് നടത്തിയ കലാപരിപാടികളൊന്നും എന്താണ് ബ്രാഹ്മിൺ സ്ത്രീയായ ദിവ്യാദിവാകരന്റെ സ്കൂളിൽ ചെയ്യാതിരുന്നത്? ദിവ്യ ഇതൊന്നും രഹസ്യമായി വെച്ചിരുന്നയാളുമല്ല. കനകദുർഗ്ഗയ്ക്കൊപ്പം ശബരിമലയിലേക്ക് പോകുന്നത് അവർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നല്ലോ? കുറേക്കാലം എൻറെ ഫോട്ടോ ആയിരുന്നു ദിവ്യയുടെ പ്രൊഫൈൽ പിക്ച്ചർ തന്നെ. അവരും അധ്യാപികയല്ലേ? (അവരെയൊക്കെ ആക്രമിക്കണമായിരുന്നു എന്നല്ല ഉദ്ദേശിച്ചത്)
എൻറെ കാര്യത്തിലും വീട്ടിൽ അല്ല അക്രമങ്ങൾ അരങ്ങേറിയത്. ചേർത്തല ടൗണിലെ ഓഫീസിലാണ് അതിക്രമങ്ങൾ നടത്തിയത്. അതിനും വേറൊരുകാരണം കൂടിയുണ്ട്. കെട്ടിട ഉടമ നായരായിരുന്നു. ശൂദ്രലഹളക്കാരുമായിരുന്നു എന്നതാണ്. എന്നാൽ വീട്ടിലേക്ക് രണ്ട് ദിവസം തെറി നാമജപ ഘോഷയാത്ര നടന്നെങ്കിലും 100 മീറ്റർ അപ്പുറത്ത് വെച്ച് രണ്ട് ദിവസവും പോലീസ് തടഞ്ഞു. പിന്നെ അവിടെയിരുന്നായിരുന്നു കലാപരിപാടികൾ. രണ്ടാം ദിവസം രാത്രി അതിന് നേതൃത്വം കൊടുത്ത സംഘി നേതാവിൻറെ വീട്ടിൽക്കയറി ഞങ്ങൾ കൃപാസനം മാതാവിൻറെ ജപമാല നടത്തിയതോടെ എന്നോടുണ്ടായിരുന്ന എല്ലാ സൂക്കേടുകളും അവസാനിക്കുകയും ചെയ്തു. പിന്നീട് എൻറെ കാര്യത്തിൽ കേസുകൊടുത്ത് ഉപദ്രവിക്കാം എന്ന വളരെ മാന്യമായ രീതിയല്ലേ അവർ അവലംബിക്കുന്നത്? അന്നുമുതൽ ഇന്നുവരെ ഞാൻ ജന്തുത്വത്തെ അപമാനിക്കൽ നിർത്തിയിട്ടുമില്ല. ഇനി മരണം വരെ നിർത്താൻ ഒട്ടും ഉദ്ദേശിക്കുന്നുമില്ല. ദളിത് സ്ത്രീകളുടെ അടുത്ത് കാണിക്കുന്ന അഭ്യാസമൊന്നും ഇങ്ങോട്ടെന്താണ് ഇറക്കാൻ ധൈര്യപ്പെടാത്തത്? മറ്റൊരു സ്ത്രീകളോടും അങ്ങനെ കാണിക്കാൻ ധൈര്യമില്ലാത്തത് എന്താണ്?
പൊലീസിൻറെ സമീപനവും അങ്ങനെ തന്നെ ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ട ദിവസം രാവിലെ ഞാൻ ലേറ്റ് ആയാണ് ഉണർന്നത്. വീട്ടിൽ പൊലീസ് വന്ന് ബെല്ലടിച്ചപ്പോഴാണ് ഞാൻ ഉണർന്നത്. ഞാനവിടെ കാണില്ലെന്നാണ് അവർ കരുതിയത്. വേറെന്തോ വ്രണക്കേസ് വന്നിട്ടുണ്ടാകുമെന്ന് കരുതി എന്താ കാര്യമെന്ന് അന്വേഷിച്ചപോഴാണ് എൻറെ വീടിന് പ്രൊട്ടക്ഷൻ നൽകാൻ വന്നതാണ്. എറണാകുളത്ത് ഇങ്ങനെ സംഭവമൊക്കെ ഉണ്ടായിട്ടുണ്ടെന്ന് അറിയുന്നത്. അപ്പോഴാണ് ടിവി വെച്ച് നോക്കുന്നത്. തലേ ദിവസം രാത്രിയിലും ഞങ്ങളുടെ ഗ്രൂപ്പിൽ ഉണ്ടായ ചർച്ചയിൽ ഗ്രൂപ്പിൽ ഉള്ള മുഴുവൻ ആളുകളും തൃപ്തിദേശായിക്ക് പിന്തുണ കൊടുക്കേണ്ടെന്നും അതിന് ഉത്തരവാദിത്വപ്പെട്ട പോലീസ് വേണമെങ്കിൽ ചെയ്യട്ടെയെന്നും കേരളത്തിൽനിന്നും ആരെങ്കിലും സ്ത്രീകൾ പോകാൻ തയ്യറാൽ മാത്രം നമുക്ക് കൂടെപ്പോയാൽ മതിയെന്നും പറഞ്ഞിരുന്നതിനാൽ തൃപ്തിദേശായി വരുമെന്ന് അറിയാമായിരുന്നെങ്കിലും ഇങ്ങനൊരു സംഭവം പ്രതീക്ഷിച്ചിരുന്നില്ല. അന്ന് അരൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയമായിരുന്നു. ജില്ലയിൽ അനിഷ്ഠ സംഭവങ്ങൾ ഒന്നുമുണ്ടാക്കരുതെന്ന് എസ്പിയുടെ കർശന നിർദ്ദേശമുണ്ടെന്നും പറഞ്ഞു എനിക്ക് പ്രൊട്ടക്ഷനൊന്നും വേണ്ടെന്ന് പറഞ്ഞിട്ടും അവർ പോയില്ലെങ്കിലും ഞാൻ അവരെ വകവെക്കാതെ എറണാകുളത്തേക്ക് ചെല്ലുകയും. ഹോസ്പിറ്റലിൽ കയറാൻ അനുവദിക്കുകയുമുണ്ടായില്ല. പിന്നെ ജോളി ചേച്ചിയും ജെന്നിയുമൊക്കെ ബോട്ട് ജെട്ടിയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്ത് തിരികെ പോരുകയുമായിരുന്നു. ഞാൻ പറഞ്ഞുവന്നത് കമ്മീഷണർ ഓഫീസിൽ പോലും ഒരു ദളിത് സ്ത്രീക്ക് സുരക്ഷ ഒരുക്കാൻ കഴിയാതിരുന്ന പോലീസ് അയൽ ജില്ലയിലുള്ള മറ്റുള്ള സ്ത്രീകളുടെ കാര്യത്തിൽ ഈ നിസംഗത കാണിക്കുന്നുമില്ല. ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേസടുത്തതാകട്ടെ SC/ ST atrocities act ഇടാതെ പ്രതികൾക്ക് പെട്ടന്ന് ജാമ്യം കിട്ടുന്ന തരത്തിലും.
ഇത് കുറെയൊക്കെ ദളിതരുടെ കുഴപ്പംകൊണ്ടു തന്നെയാണ്. ഇപ്പോഴും സ്വന്തം സമുദായത്തിലെ ഒരു പ്രൊഫസറെ സൈബർ ഇടത്തിലെ ആക്രമണം തുടരുന്നതിനിടയിൽ തെരുവിൽ നേരിടാൻ ശ്രമമുണ്ടായിട്ടും ആയിരക്കണക്കിനു ദളിത് സംഘടനകൾ ഉണ്ടായിട്ടും ഏതെങ്കിലും ഒരു ദളിത് സംഘടന പ്രതികരിച്ചുകണ്ടില്ല. ശ്യാംകുമാറിൻറെ വ്യകതിപരമായ എന്തെങ്കിലും പ്രശ്നങ്ങളുടെ പേരിലല്ല, ഈ കൊലവിളി അരങ്ങേറുന്നത്. മുൻപ് ബിന്ദു അമ്മിണി ആക്രമിയ്ക്കപ്പെട്ടപ്പോൾ ചില ദളിത് പ്രൊഫൈലുകളിലെ പോസ്റ്റുകൾ ബിന്ദു അമ്മിണി ദളിതർക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നും പറഞ്ഞായിരുന്നു, പലതവണയായി വിനായകനെ ആക്രമിക്കുമ്പോഴും ഇത്തരത്തിലുള്ള പോസ്റ്റുകൾ കാണാം, സണ്ണി എം കപിക്കാടിനെ ആക്രമിക്കുമ്പോഴും ഇപ്പോൾ ഡോ. ശ്യാം കുമാറിനെ ആക്രമിക്കുമ്പോഴും ഇതുതന്നെ കാണാം. ഇത്തരം അഖിലേന്ത്യാ, ആൾകേരള സംസ്ഥാന പ്രസിഡണ്ട് സെക്രട്ടറിമാരെ നമിക്കുന്നു. ഇതൊക്കെ തന്നെയാണ് ദളിതരെ തന്നെ തിരഞ്ഞുപിടിച്ച് കുതിരകയറാൻ അവർക്കിത്ര ധൈര്യം. ഈ ധൈര്യം ഇവന്മാർ കേരളത്തിലെ വേറേതെങ്കിലും സമുദായത്തിൽ പെട്ട ഒരു അധ്യാപകൻറെ അടുത്ത് കാണിക്കുമോ?
ഞാൻ കാൽനൂറ്റാണ്ടോളമായി ദൈവവിശ്വാസിയല്ലെന്നും തങ്ങളുടെ സഭയ്ക്ക് എതിരായി നിൽക്കുന്നയാളാണെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് എന്റെ വീട്ടിൽ കയറിയവൻറെ വീട്ടിൽ പങ്കായവുമായി ചെന്ന് ജപമാല നടത്താൻ വിശ്വാസികളായവരും ഒപ്പം വന്നത്. അവർക്ക് നാമജപം നടത്തണമെങ്കിൽ അത് നടത്തേണ്ടത് അവരുടെ വീട്ടിലാണ്. അല്ലതെ നമ്മുടെ വീട്ടിൽ അല്ലല്ലോ?
മാത്രമല്ല. ഞങ്ങൾക്ക് ആർത്തുങ്കലിൽ രണ്ടുവീടുണ്ട്. ഒരെണ്ണം അർത്തുങ്കൽ ഫിഷ്ലാൻഡിന് അടുത്തും ഒരെണ്ണം തൈക്കൽ ബീച്ചിലുമാണ്. ഇതിൽ ഫിഷ്ലാൻഡിന് അടുത്തുള്ള പഴയ വീട് പൊളിക്കാൻ ഞാൻ ശബരിമലയിൽ പോയ ദിവസം സംഘികൾ വരുമ്പോൾ. ഞാനൊന്നും സഥലത്തുപോലുമില്ലെങ്കിലും ആരും പറയാതെതന്നെ ചെറുപ്പക്കാർ പങ്കായവുമായി വീടിന് കാവൽനിൽക്കുകയായിരുന്നു. സംഘികൾ വന്നപ്പോൾ സിനിമാ സ്റ്റൈലിൽ “ആ നിങ്ങളെയും നോക്കിയായിരുന്നു ഞങ്ങളിവിടെ ഇരുന്നിരുന്നത്, വാ നമുക്ക് ഒരുമിച്ച് പോളിതുടങ്ങാമെന്ന് പറഞ്ഞപ്പോൾ സംഘികൾ വന്നവഴി കിഴക്കോട്ട് ഓടി. പിന്നെ ആ പരിസരത്തേക്ക് ചെന്നിട്ടില്ല. അതാണ് സാമൂഹ്യ സുരക്ഷ. അതൊരു പൊലീസിനും നൽകാൻ പറ്റില്ല.
ഡോ. ടി. എസ് ശ്യാം കുമാറിന് നേരെ നടക്കുന്ന ഇത്തരത്തിലുള്ള കയ്യേറ്റങ്ങൾ ഇനി എന്തായാലും വെച്ചുപൊറുപ്പിക്കാൻ പാടില്ല. എവിടെയാണോ ഇവർ പ്രശ്നമുണ്ടാക്കുന്നത് അവിടെ ചെന്ന് നമ്മൾ ഇനി പ്രതികരിക്കണം. കെ വൈ എസ്, ജാതി ഉന്മൂലന പ്രസ്ഥാനം തുടങ്ങിയ സംഘടനകളൊക്കെ ഹരിപ്പാട് പ്രതിഷേധം സംഘടിപ്പിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പരമാവധി ആളുകൾ പങ്കെടുത്ത് സംഘിപ്പോലീസിന്റെയും അധികാരികളുടെയും കണ്ണുതുറപ്പിക്കാൻ ഒരു വലിയ പ്രതിഷേധം തന്നെ നാം സംഘടിപ്പിക്കേണ്ടതുണ്ട്.


