Thu. Nov 19th, 2026

കോട്ടയം: പ്രമുഖ എഴുത്തുകാരനും സ്വതന്ത്ര ചിന്തകനും പ്രഭാഷകനും അദ്ധ്യാപകനുമായ ഡോ.ടി.എസ്.ശ്യാംകുമാറിനെതിരെ സനാതന സംരക്ഷകർ നടത്തുന്ന കൊലവിളി അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന വിമർശനങ്ങളോടുള്ള അസഹിഷ്ണുത മാത്രമല്ല കേരളം എത്തി നില്ക്കുന്ന അപകടകരമായ സ്ഥിതിയെ കൂടി വെളിപ്പെടുത്തുന്നുണ്ടെന്ന് ദലിത് സമുദായ മുന്നണി ചെയർമാൻ സണ്ണി എം കപിക്കാട്.


ഇന്ത്യൻ പൗരാണികതയുടെ മറവിൽ കെട്ടിയെഴുന്നെള്ളിക്കുന്ന ബ്രാഹ്മണ്യ അധീശ വാദങ്ങളെ അതിന്റെ തന്നെ അളകളിൽ ചെന്ന് ചോദ്യം ചെയ്യുന്ന പുതിയ ജ്ഞാനാവബോധത്തിന്റെ ഏറ്റവും കരുത്തനായ വക്താവാണദ്ദേഹം. ജനാധിപത്യ ഇന്ത്യയുടെ നിലനില്പിന് ശക്തി പകരുന്ന വെളിച്ചമാണ് ശ്യാം കുമാർ സമൂഹത്തിന് നല്കുന്നത്. ഇന്ത്യൻ ജ്ഞാന പദ്ധതികളാൽ അപരവല്ക്കരിക്കപ്പെട്ട ജനതകളുടെ വീണ്ടെടുപ്പ് കൂടിയാണത്. അദ്ദേഹത്തോടുള്ള സനാതനികളുടെ വെല്ലുവിളി എല്ലാനിലയിലും പ്രതിരോധിക്കപ്പെടണം എന്ന് സണ്ണി എം കപിക്കാട്. പറഞ്ഞു.

എന്നാൽ ഇക്കാര്യത്തിൽ കേരളം പുലർത്തുന്ന മൗനം കുറ്റകരമാണ്. വേദ ഇതിഹാസങ്ങളിൽ വിപ്ലവം തേടുന്നവർ സനാതന വാദങ്ങൾക്ക് പുതിയ ഭാഷ്യം ചമയ്ക്കുന്നവർ മാത്രമാണെന്നു കൂടുതൽ വ്യക്തമാകുകയാണ്. ധീരനായ ഈ വൈജ്ഞാനിക പ്രതിഭയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ദലിത് സമുദായത്തിനുണ്ട്. സാഹോദര്യവും നീതിയും ആഗ്രഹിക്കുന്നവർക്കുണ്ട്. ശ്യാം കുമാർ ഒറ്റയ്ക്കല്ല എന്ന് സംഘടിതമായി തന്നെ പറയേണ്ട സന്ദർഭമാണിത്. കാരണം ശ്യാംകുമാറിന്റെ ആശയലോകം ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിനും അംബേദ്ക്കർ ചിന്തകകളുടെ നവ സാദ്ധ്യതകൾക്കും വേണ്ടിയുള്ളതാണ്. ഉത്തരംമുട്ടിയ സനാതനികൾക്ക് ഭ്രാന്തിളകിയിരിക്കുന്നു. ഇവിടെ ശ്യാംകുമാറിനൊപ്പം നില്ക്കുകയെന്നത് രാഷ്ട്രീയമാണ്. ഹിന്ദുത്വത്തിനെതിരായ രാഷ്ട്രീയം. എന്ന് സണ്ണി എം കപിക്കാട് കൂട്ടിച്ചേർത്തു.