Mon. Nov 23rd, 2026

തിരുവനന്തപുരം: ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ഥയുടെ അറസ്റ്റിനെതിരെയും മാധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റും എത്തിസ്റ്റുമായ ലിബി സിഎസ് ൻറെ പേരിൽ മതനിന്ദാ കേസ് എടുത്തതിലും പ്രതിഷേധിച്ച് തിരുവനന്തപുരം യുക്തിവാദി സംഘത്തിൻറെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. കൂടാതെ അൻപതോളം ഓൺലൈൻ മീഡിയകൾ ക്കെതിരെയുമുള്ള കേന്ദ്ര ഭരണകൂടത്തിൻ്റ കടന്നുകയറ്റത്തിനെതിരെയും കൂട്ടായ്മ പ്രതിഷേധിച്ചു.

സ്വതന്ത്ര മാദ്ധ്യമങ്ങളേയും, പ്രതിപക്ഷ നേതാക്കളെയും ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ഒപ്പം നിർത്താനുള്ള ഭരണകൂടത്തിൻറെ ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും യുക്തിവാദി സംഘം അഭിപ്രായപ്പെട്ടു. ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ സി.എസ്.ലിബിക്ക് എതിരെ കേരള സർക്കാരും മതനിന്ദ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്ത സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു എന്നും ധർണയിൽ അഭിപ്രായമുണ്ടായി.

ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ഥയ്ക്കും സി.എസ്.ലിബി ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്  ടി.എസ്.പ്രദീപ്, പി.കെ.വേണുഗോപാൽ, ഈ.പി.അനിൽ, പി.പി.സത്യൻ, പി.സുശീലൻ, എൻ.കെ.ഇസഹാക്ക്, എം.സത്യദാസ്, കെ.രേണുകാ ദേവി തുടങ്ങിയവർ സംസാരിച്ചു.


അതേസമയം മതവ്രണ കേസിൽ ലിബി. സി എസിന്റെ അറസ്റ്റ് കോടതി തടഞ്ഞു. എന്നാൽ പ്രബീർ പുരകായസ്ഥയുടെ ഹർജി കോടതി തള്ളി. മതനിന്ദാ കേസിലെ  ലിബി. സി. എസിന്റെ മുൻ‌കൂർ ജാമ്യഹർജിയിൽ ഇന്ന് വാദം കേട്ടു. ലിബിയുടെ  അറസ്റ്റ് കോടതി തടഞ്ഞു.

പ്രസ്തുത കേസിൽ  294Aയും 298 ഉം 153 യും നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.153 ശബ്ദാധിഷ്ഠത കുറ്റകൃത്യമായതിനാൽ പ്രതി കലാപാഹ്വാനം നൽകുന്ന പ്രസംഗങ്ങളുടെയോ മറ്റോ വീഡിയോ ഉണ്ടോ എന്നും ചോദിച്ചു. KP Act 120(O) ബെയ്‌ലബിൾ ആണല്ലോ എന്നും അതും നിലനിൽക്കില്ല എന്നും പോസ്റ്റിൽ അസഭ്യവാക്കുകൾ ഒന്നുമില്ലല്ലോ എന്നും ചോദിച്ചു. അമൃതാന്ദമയിക്ക് പരാതിയുണ്ടെങ്കിൽ അപകീർത്തി കേസ് കൊടുക്കട്ടെ എന്ന് കോടതി പറഞ്ഞു.

ഗവൺമെന്റ് പ്ലീഡർ ജാമ്യം കൊടുക്കുന്നതിൽ കാര്യമായ എതിർവാദങ്ങളൊന്നും ഉന്നയിച്ചില്ല. ആകപ്പാടെ പറഞ്ഞത് പ്രതി സമാനമായ നിരവധി കേസുകളിലെ പ്രതിയാണെന്നാണ്. എന്നാൽ അതിൽ ഒട്ടുമിക്കവയും ഹൈക്കോടതി ക്വാഷ്‌ ചെയ്തവയാണെന്നും തന്റെ കക്ഷി ഒരു മുൻ കന്യാസ്ത്രീ ആണെന്നും കത്തോലിക്കാസഭ അതിന്റെപേരിൽ കൊടുക്കുന്ന കള്ളകേസുകൾ ആണെന്നും. മറ്റുള്ള കേസുകളൊക്കെ ശബരിമലയിൽ പോയതിന്റെ വൈരാഗ്യത്തിൽ നൽകിയിരിക്കുന്ന രാഷ്ട്രീയപ്രേരിതമായ കേസുകളാണെന്നും ലിബിയുടെ അഭിഭാഷകൻ പറഞ്ഞു. ഹർജിയിൽ വിധിപറയും വരെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടു. കേസ്  തിങ്കളാഴ്ച്ചത്തേയ്ക്ക് വിധിപറയാൻ മാറ്റി.