Sun. Nov 22nd, 2026

കോഴിക്കോട്: കോഴിക്കോട് നല്ലളത്ത് സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച പരിപാടിക്കിടെ തട്ടം നീക്കി പ്രതിഷേധിച്ച എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ വി പി സുഹ്‌റക്കെതിരെ മതവികാര വ്രണ പരാതി. സമസ്ത നേതാവായ ഉമർ ഫൈസി മുക്കത്തിന്റെ സ്ത്രീ വിരുദ്ധമായ പരാമർശത്തിനെതിരെയായിരുന്നു യിരുന്നു സുഹ്‌റയുടെ പ്രതിഷേധം. നല്ലളത്ത് സ്കൂളിലെ പിടിഎ പ്രസിഡന്റ് ഷാഹുൽ ഹമീദ് ആണ് വ്രണിതൻ. വിപി സുഹ്‌റ തട്ടം നീക്കിയത് മത സ്പർദ്ധയുണ്ടാക്കിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.


കോഴിക്കോട് കോർപറേഷൻ നാൽപതാം ഡിവിഷനിലെ കുടുംബശ്രീ പരിപാടിയിലായിരുന്നു സംഭവം. കോഴിക്കോട് കോർപറേഷന്റെ ക്ഷണപ്രകാരമാണ് വി.പി സുഹറ കുടുംബശ്രീ പരിപാടിക്ക് എത്തിയത്. പ്രസംഗത്തിനിടെ പരിപാടിയുമായി ബന്ധമില്ലാത്ത സമസ്ത നേതാവിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് തന്റെ തട്ടം അഴിക്കുകയാണെന്നും പ്രഖ്യാപിക്കുകയായിരുന്നു സുഹ്‌റ. തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്നും മുസ്‍ലിം സ്ത്രീകളെ അഴിഞ്ഞാടാൻ വിടില്ലെന്നുമായിരുന്നു ഉമർ ഫൈസിയുടെ പരാമർശം. തട്ടം ഇസ്‍ലാമികമാണെന്നും അതിനെതിരെ പ്രതികരിച്ചാൽ എതിർക്കുമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

സുഹറയുടെ നീക്കത്തിൽ രോഷാകുലനായ പിടിഎ പ്രസിഡന്റ് ഇവരെ അസഭ്യം പറഞ്ഞു. തുടർന്ന് പിടിഎ പ്രസിഡന്റിനെതിരെ സുഹറ നല്ലളം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് പിടിഎ പ്രസിഡന്റ് ഷാഹുൽ ഹമീദ് വ്രണ പരാതിയുമായി എത്തിയത്.

ഉമർ ഫൈസി മുക്കത്തിന്റെ സ്ത്രീ വിരുദ്ധമായ പരാമർശത്തിനെതിരെ വിപി സുഹ്റ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ഇതേ പരാതി വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും നൽകിയിട്ടുണ്ടെന്നും വിപി സുഹ്റ പറഞ്ഞു.