തിരുവനന്തപുരം: തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം തന്നെ സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ സംഘാടനും ട്രേഡ് യൂണിയൻ നേതാവുമായിരുന്നു സഖാവെന്ന് അദ്ദേഹം അനുശോചനകുറിപ്പിൽ പറഞ്ഞു.
സി ഐ ടി യുവിൻ്റെ അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ്, സംസ്ഥാന പ്രസിഡൻ്റ് എന്നീ നിലകളിൽ നടത്തിയ പ്രവർത്തനങ്ങൾ അവിസ്മരണീയമാണ്. പ്രഗൽഭനായ നിയമസഭാ സാമാജികൻ, ആശയപ്രചാരകൻ, പ്രഭാഷകൻ, സംഘാടകൻ എന്നിങ്ങനെ നിരവധി തലങ്ങളിൽ അദ്ദേഹത്തിൻ്റെ സംഭാവനകൾ സമാനതകളില്ലാത്തതാണ്. വർഗ്ഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ പക്ഷത്ത് തൊഴിലാളികളുടെയും ജനങ്ങളുടെയാകെയും ഐക്യം ഊട്ടിയുറപ്പിക്കുന്നതിൽ അദ്ദേഹം സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്നു.
പാർട്ടി ആക്രമിക്കപ്പെടുന്ന ഘട്ടത്തിലെല്ലാം പൊതുവേദികളിലും മാധ്യമങ്ങളിലും അവശത മാനിക്കാതെപോലും ചെന്നുനിന്ന് അതിശക്തമായ പ്രതിരോധവും പ്രത്യാക്രമണവും നടത്താനുള്ള സഖാവ് ആനത്തലവട്ടത്തിൻ്റെ കഴിവും സന്നദ്ധതയും എടുത്തുപറയേണ്ടതാണ്.
സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ അടക്കം ഒരുമിച്ച് പ്രവർത്തിച്ച കാലഘട്ടത്തിൽ സഖാവിൻ്റെ തെളിമയുള്ള കാഴ്ചപ്പാടുകളും സംഘടനപാടവവും നേരിട്ടറിയാൻ കഴിഞ്ഞിട്ടുണ്ട്. വ്യക്തിപരമായ നിലയിൽ വളരെ പ്രിയപ്പെട്ട ഒരു സഖാവിനെയാണ് നഷ്ടമായിരിക്കുന്നത്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആക്രമണത്തിനിരയായ ഘട്ടങ്ങളിലൊക്കെ പാർട്ടിയുടെ ശരിയായ നിലപാട് ജനങ്ങളിലെത്തിക്കാനും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും ആനത്തലവട്ടം സജീവമായി ഇടപെട്ടിരുന്നു. കേരളത്തിലെ പൊതുസമൂഹത്തിന് ആകെയും ഇടതുപക്ഷപ്രസ്ഥാനത്തിനും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിനും വിശേഷിച്ചും കനത്ത നഷ്ടമാണ് സഖാവിൻ്റെ വിയോഗം മൂലം ഉണ്ടായിരിക്കുന്നത്. ആ സ്മരണകൾക്ക് മുന്നിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


