Fri. Nov 6th, 2026

കാസര്‍കോട്: ഒളവറ രജനി വധക്കേസില്‍ ഒന്നാം പ്രതി കണിച്ചിറ സ്വദേശി സതീശന് ജീവപര്യന്തം തടവ് ശിക്ഷ. രണ്ടാം പ്രതി മാഹി സ്വദേശി ബെന്നിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷയും കോടതി വിധിച്ചു. ഇതിന് പുറമെ ഇരുവരും ഒരു ലക്ഷം വീതം പിഴയും ഒടുക്കണം. കാസര്‍കോട് അഡീഷല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍, രണ്ടാം പ്രതിക്കെതിരെ തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.


2014 സെപ്തംബര്‍ 12നാണ് ഒളവറ സ്വദേശി രജനികൊല്ലപ്പെട്ടത്. 2014 സെപ്റ്റംബര്‍ 9 മുതല്‍ മകള്‍ രജനിയെ കാണാനില്ലെന്ന് പിതാവ് കണ്ണന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് രജനിയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതാണ് വഴിത്തിരിവായത്. രജനിയോടൊപ്പം ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം ഹോം നഴ്സിംഗ് സ്ഥാപനം നടത്തുകയും രാത്രി അവിടെ താമസിക്കുകയും ചെയ്തിരുന്ന സതീശനെ പോലീസ് കസ്റ്റഡിയിലെടുത്തു.

2014 സെപ്റ്റംബര്‍ 11ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. 12ന് പുലര്‍ച്ചെ രജനി സതീശന്റെ മര്‍ദനമേറ്റ് അബോധാവസ്ഥയിലായി. പിന്നാലെ രജനിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് സതീശനും സുഹൃത്ത് ബെന്നിയും ചേര്‍ന്ന് സതീശന്‍ താമസിച്ചിരുന്ന വീടിന് സമീപത്തെ കാട്ടിലെത്തിച്ച് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. കേസില്‍ അന്നത്തെ നീലേശ്വരം സി ഐ ആയിരുന്ന യു പ്രേമനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.