തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ നീക്കം തുടങ്ങിയിട്ട് കാലം കുറെയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ നട്ടെല്ലാണ് സഹകരണ ബേങ്കുകള്‍. രണ്ട് ശതമാനത്തില്‍ താഴെ മാത്രം സ്ഥാപനങ്ങളിലാണ് ക്രമക്കേടുള്ളത്. 98.5 ശതമാനം സഹകരണ സ്ഥാപനങ്ങളും കുറ്റമറ്റതാണ്. ചോറിലെ ഒരു കറുത്ത വറ്റ് മാത്രം ചൂണ്ടിക്കാട്ടി ആകെ മോശം എന്ന് പറയാനാകില്ല. അതെടുത്തു കളയുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരുവന്നൂര്‍ തട്ടിപ്പിനെ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. വഴിവിട്ട് സഞ്ചരിച്ചവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും. അതില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ക്രമക്കേട് കണ്ടെത്തിയത് കേന്ദ്ര ഏജന്‍സിയല്ല. രാഷ്ട്രീയ ലക്ഷ്യമിട്ടാണ് കേന്ദ്ര ഏജന്‍സി വേട്ടയാടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ഇ ഡിയുടെ രംഗപ്രവേശമുണ്ടായത്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മേഖലാ യോഗങ്ങളിലൂടെയാണ് ഇത് സാധ്യമാക്കുക എന്നും പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.നാല് മേഖലാ യോഗങ്ങളാണ് നടത്തുക. യോഗങ്ങളില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. മൂന്നിന് എറണാകുളത്തും അഞ്ചിന് കോഴിക്കോട്ടും മേഖലാ യോഗങ്ങള്‍ നടക്കും.
അതിദാരിദ്ര്യ നിര്‍മാര്‍ജനമാകും മേഖലാ യോഗങ്ങളിലെ പ്രധാന ചര്‍ച്ച. 2025ഓടെ അതിദരിദ്രര്‍ ഇല്ലാതാകും. ദേശീയപാത, മാലിന്യമുക്ത കേരളം, ഉള്‍നാടന്‍ ജലഗതാഗതം എന്നിവയും ചര്‍ച്ചയാകും. വികസന പദ്ധതികള്‍ അവലോകനം ചെയ്യും. തടസ്സപ്പെട്ട വികസനം സംബന്ധിച്ചും കൂടിയാലോചനകള്‍ നടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജില്ലകള്‍ തോറുമുള്ള പ്രശ്നങ്ങള്‍ പരിശോധിക്കും. ജില്ലാതലത്തില്‍ 241 വിഷയങ്ങള്‍ പരിഗണിക്കും. മാലിന്യ നിര്‍മാര്‍ജനത്തിനായി പൊതുപരിപാടികളില്‍ പ്രതിജ്ഞ ചൊല്ലും.
മാലിന്യ സംസ്കരണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. ഉറവിട മാലിന്യ വേര്‍തിരിവിലും അജൈവ മാലിന്യ ശേഖരണത്തിലും മുന്നേറ്റമുണ്ട്. മലയോര ഹൈവേ നിര്‍മാണം പുരോഗമിക്കുകയാണ്. അടിക്കടി അപകടങ്ങള്‍ സംഭവിക്കുന്ന മുതലപ്പൊഴിയുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് വേഗത്തിലാക്കും. ഇവിടെ മണല്‍നീക്കം വേഗത്തിലാക്കും. പുലിമുട്ടിന്റെ തെക്കുഭാഗത്ത് അടിഞ്ഞ മണ്ണ് നീക്കാന്‍ നടപടി സ്വീകരിക്കും. കോവളം-ബേക്കല്‍ ജലപാതയില്‍ തിരുവനന്തപുരത്തെ പുരോഗതി പരിശോധിക്കും.
നവകേരള നിര്‍മിതിയില്‍ മുന്നേറ്റമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ നവകേരള സദസ്സെന്ന പേരില്‍ മണ്ഡലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും. മഞ്ചേശ്വരത്തായിരിക്കും ഇതിന്റെ തുടക്കം. പരിപാടിക്കായി ഈമാസം സംഘാടക സമിതി രൂപവത്ക്കരിക്കും.
കലാപബാധിതമായ മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമൊരുക്കും. 46 വിദ്യാര്‍ഥികള്‍ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ പഠനം തുടരാം. കലാപത്തില്‍ സര്‍ട്ടിഫിക്കറ്റ് നശിച്ചു പോയവര്‍ക്കാണ് സൗകര്യം.


