Tue. Nov 24th, 2026

✍️ ലിബി. സിഎസ്

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ചരിത്ര വിധി വന്നിട്ട് ഇന്ന് അഞ്ച് വർഷം പിന്നിടുകയാണ്. 2006 -ൽ ഭക്തി പസ്രീജ, ഡോ. ലക്ഷ്മി ശാസ്ത്രി, പ്രേമ കുമാരി, അൽക്ക ശർമ്മ, സുധ പാൽ എന്നിവരുടെ നേതൃത്വത്തിൽ യങ് ലോയേഴ്സ് അസോസിയേഷൻ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഈ വിധി പ്രഖ്യാപിച്ചത്. ഏതു ക്ഷേത്രങ്ങളിലും എല്ലാവര്ക്കും പോകാവുന്നതാണെന്നും സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും അന്തിമ വിധിവരുന്നതിന് മുൻപ് തന്നെ സുപ്രീം കോടതി നിരീക്ഷണം നടത്തിയിരുന്നു.

ശാരീരികമായതോ ജൈവീകമായതോ ആയ അവസ്ഥകളുടെ പേരിൽ സ്ത്രീകളെ മാറ്റി നിർത്താൻ ആവില്ലെന്ന് അന്തിമ വിധിയിൽ സുപ്രീം കോടതി നിരീക്ഷിച്ചു. ശബരിമലയിൽ വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളോട് വിവേചനം കാണിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി പറഞ്ഞു. 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാനാവില്ല എന്നത് അംഗീകരിക്കാനാവില്ലെന്നും വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കി. ഇത് ലിംഗ സമത്വത്തിനെതിരെയുള്ള കടന്നു കയറ്റമാണെന്നും വിശ്വാസത്തിന്റെ പേരിൽ അസമത്വങ്ങൾ അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.


ഭരണഘടനാബഞ്ചിലെ അഞ്ച് ജഡ്ജിമാരിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് എതിർ അഭിപ്രായം പ്രകടിപ്പിച്ചത്. ശബരിമലയിൽ ആരാധനയ്ക്കായി പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനമനുവദിക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. 1965 ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശന നിയമവകുപ്പായ 3 ബി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഈ വകുപ്പ് അനുസരിച്ചു ആർത്തവകാലയളവിൽ സ്ത്രീകൾക്ക് ശബരിമല എന്നല്ല കേരളത്തിലെ ഒരു ക്ഷേത്രത്തിലും കയറാനുള്ള അനുമതിയില്ല.

10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് ശബരിമല പ്രവേശനത്തിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. അത് ഭരണഘടനാലംഘനമാണെന്നു ആയിരുന്നു ഹർജിക്കാർ വാദിച്ചത്. പ്രത്യേകവിഭാഗത്തിൽപെട്ട ക്ഷേത്രമല്ലാത്തതിനാൽ ശബരിമലയിൽ എല്ലാവർക്കും വിവേചനമില്ലാതെ പ്രവേശിക്കാൻ അനുവാദം നൽകുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്നാണ് ക്ഷേത്രത്തിൻറെ ഉടമസ്ഥരായ കേരള സർക്കാർ കോടതിയിൽ അഫിഡവിറ്റ് നൽകിയത്,

ക്ഷേത്രപ്രവേശനവിളംബരത്തിനുശേഷംവന്ന വിപ്ലവകരമായ സംഭവമാണ് സുപ്രീം കോടതിയിലൂടെ വന്നത് എന്നൊക്കെയാണ് വിധിവന്ന പിന്നാലെ രാജ്യത്തെ പ്രമുഖരെല്ലാം പ്രതികരിച്ചത്. കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.


ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി വിധി പൊതുവിൽ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സ്വീകാര്യമായിരുന്നു എന്ന് പിറ്റേന്നത്തെ പത്രങ്ങൾ എടുത്ത് പരിശോധിച്ചാൽ മനസിലാകും. എതിർക്കാൻ സാധ്യതയുണ്ടായിരുന്ന ബി.ജെ.പിയും ആർ.എസ്.എസ്സും ആദ്യമേ തന്നെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചതാണ്. വിധിവരുന്നതിന് മുൻപുതന്നെ ശബരിമലയിൽ സ്ത്രീകൾ കയറണമെന്ന് കേരളത്തിൽ ആദ്യമായി സംസാരിച്ചത് ഗുരു നിത്യചൈതന്യയതി ആണെങ്കിലും ഈ വിഷയം ചർച്ചയാക്കിയ ആദ്യ സംഘടന ആർഎസ്എസ് തന്നെയാണ്. ജന്മഭൂമി പത്രം ഉൾപ്പെടെ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.

പ്രത്യേക നിലപാടുകളൊന്നും ഇല്ലാത്ത കോൺഗ്രസ്സ് സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നു എന്നായിരുന്നു വിധി വന്നയുടനെ പ്രസ്താവന ഇറക്കിയത്. വിധി നടപ്പിലാക്കാനുള്ള കരുത്ത് അന്നത്തെ ഇടതുപക്ഷ സർക്കാരിനുണ്ട് എന്ന ബോധ്യം കേരളത്തിലെ പൊതുസമൂഹത്തിനും ഉണ്ടായിരുന്നു. മൊത്തത്തിൽ വളരെ സുഗമമായി അതങ്ങ് നടപ്പിലാക്കപ്പെടുമായിരുന്നു. കാലങ്ങളായി നിലവിലുള്ള ഒരു ദുഷ്പ്രവണത നിയമത്തിന്റെ ഇടപെടലിലൂടെ ഇല്ലാതാവുന്നു എന്ന രീതിയിൽ കണ്ട് കേരളത്തിലെ ഹിന്ദു സമൂഹവും പൊതു സമൂഹവും അതിനോടൊപ്പം നിൽക്കുമായിരുന്നു. നിയമത്തിന്റെ കണക്കിലായതുകൊണ്ട് രാഷ്ട്രീയക്കാർ സന്തോഷത്തോടെ കൈ കഴുകി കാര്യം നടത്തിയേനെ.

എന്നാൽ ശബരിമലയുടെ കുത്തകാവകാശം സ്വയം ഏറ്റെടുത്ത രാഹുൽ ഈശ്വറെന്ന ‘ടെലിവിഷൻ അവതാരം’ മലയാളത്തിലെ ചില ദൃശ്യമാധ്യമങ്ങളുടെ സഹായത്തോടെ അയാളുടെ പ്രമോഷനായി ചെലവാക്കിയ പണത്തിൻറെ മഞ്ഞളിപ്പിൽ ചെറിയ സമയം കൊണ്ട് കാര്യങ്ങളെ കുഴച്ചു മറിച്ചു. ഈ വിഷയത്തിന്റെ വർഗീയ ധ്രുവീകരണ സാധ്യത അയാളും അതി ഹൈന്ദവരും തിരിച്ചറിഞ്ഞു. അതോടെ കോൺഗ്രസ്സും ബി.ജെ.പിയും മലക്കം മറിഞ്ഞു. കമ്മ്യൂണിസ്റ്റു വീടുകളിലെ ഹൈന്ദവ മനസ്സുകളും മറിച്ചു ചിന്തിച്ചു തുടങ്ങി. അതോടെ വോട്ടുബാങ്കിന്റെ മലീമസ ബുദ്ധി എല്ലായിടത്തും പ്രവർത്തനമാരംഭിച്ചു. തുടർന്ന് കേരളം കണ്ട ഏറ്റവും വലിയ ഫാസിറ്റ് വെല്ലുവിളിയും ശൂദ്രലഹളയും നാം കണ്ടതാണല്ലോ?


എന്നാൽ പിന്നീട് ഈ അഞ്ച് വർഷം പിന്നിടുമ്പോഴും ആർഎസ്എസ് നെ മാത്രം അതിൻറെ പേരിൽ വിമർശിക്കുന്നവർ അതിനേക്കാൾ പിന്തിരിപ്പൻ നിലപാടെടുത്ത മറ്റു പുരോഗമന ലേബലുമായി നടക്കുന്ന സംഘടനകളെ ബോധ പൂർവ്വം വിസ്മരിക്കാനും ശബരിമല സ്ത്രീപ്രവേശനത്തെ കുറിച്ച് മാത്രം നിശബ്ദത പാലിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇപ്പോഴും അങ്ങനെതന്നെ എന്നും കാണാം.

ശബരിമല വിഷയത്തിൽ ഏറ്റവും പിന്തിരിപ്പൻ നിലപാട് എടുത്ത സംഘടന കോൺഗ്രസ് ആയിരുന്നു ആർഎസ്എസ് ൽ ടിജി മോഹൻദാസിനെയൊക്കെ പോലുള്ള എതിർ ശബ്ദങ്ങൾ ഉണ്ടായിരുന്നു. കോൺഗ്രസിൽ അങ്ങനൊരു ശബ്ദം വലിയ പുരോഗമനകാരികളും നെഹ്റുവിയൻമാരുമായി നടിക്കുന്നവരിൽ നിന്നുപോലും ഉണ്ടായില്ല എന്നുമാത്രമല്ല, രാഹുൽഗാന്ധിയുടെ നിലപാടിന് വിരുദ്ധമായി ശൂദ്രലഹളക്കാർക്കൊപ്പം അവർ രംഗത്തിറങ്ങുകയും ബസ്റ്റാന്റിലിരുന്നു പാസാക്കിയ ആചാരസംരക്ഷണ ബിൽ എന്ന അശ്ലീലവുമായി തിരഞ്ഞെടുപ്പിനെ നേരിടാൻപോലും അവർക്ക് യാതൊരു ഉളുപ്പുമില്ലായിരുന്നു. കോൺഗ്രസിലെ പുരോഗമനകാരികളും നെഹ്റുവിയൻമാരുമൊന്നും ഈ ആചാരസംരക്ഷണ കോമഡി ബില്ലിനെതിരെ ഒരക്ഷരവും മിണ്ടിയില്ല.

സുപ്രീം കോടതിയിലെ കേസിൽ കക്ഷിചേർന്ന കേരളത്തിലെ ഏക ഫെമിനിസ്റ്റ് സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷൻ ഉൾപ്പെടെ മറ്റു ഫെമിനിസ്റ്റ് സംഘടനകളും ഫെമികളുമെല്ലാം വിധിവന്നശേഷം മാളത്തിലൊളിച്ചത് കേരളം കണ്ടതാണ്.


ചില തീവ്ര കമ്യൂണിസ്റ്റ് സംഘടനകൾ ഒഴികെയുള്ള കേരളത്തിലെ വിദ്യാർഥിസംഘടനകൾ യുവജന സംഘടനകൾ മറ്റു സാമൂഹ്യ സാംസ്‌കാരിക നായകന്മാർ ആക്ടിവിസ്റ്റുകൾ എല്ലാം എന്താണ് ചെയ്തതെന്നും, ഇപ്പോഴും അക്കാര്യത്തിൽ പാലിക്കുന്ന പവിത്ര നിശബ്ദതയും ആർഎസ്എസിനേക്കാൾ അധികം പുരോഗമന നാട്യക്കാർ ഉൾപ്പെടുന്ന കേരളം എത്രമാത്രം പുനരുത്ഥാന പാതയിൽ പിന്നോട്ടു സഞ്ചരിച്ചു കഴിഞ്ഞു എന്ന് വ്യക്തമാക്കുന്നവയാണ്.

സംഘിസം ഒരു ആശയമാണ്.അത് സംഘപരിവാർ മാത്രമല്ല പിന്തുടരുന്നത് അതിനെ പുശ്ചിച്ചു തള്ളിയാൽ തീരുന്നതല്ല അത്. ചില ആശയങ്ങളാണ് ആത്യന്തികമായി മനുഷ്യനെ സംഘടിതമാക്കുന്നത്. ഇവിടെയാകട്ടെ അത് ലിംഗനീതിയും ആചാര സംരക്ഷണവും എന്ന രണ്ട് തട്ടുകളിലാണ് സംഘടനകളെ നിർത്തിയിരിക്കുന്നത് എന്നേയുള്ളൂ. ഒരു വിഭാഗം മതാചാര സംരക്ഷണത്തിന് മുറവിളി കൂട്ടുമ്പോൾ മറു വിഭാഗം ഭരണഘടനയ്ക്കും മാനവികതയ്ക്കും ലിംഗനീതിയ്ക്കും വേണ്ടിയാണ് പടയൊരുക്കം നടത്തുന്നത്. അതിൽ ആരെല്ലാം എവിടെ നിൽക്കുന്നു എന്നത് കൊടിയുടെ നിറം കവിയാണോ ചുവപ്പാണോ പച്ചയാണോ മൂന്ന് കളർ ഉള്ളതാണോ എന്ന് മാത്രം നോക്കി തീരുമാനിക്കാവുന്നതല്ല. ജാതിയെ അഡ്രസ് ചെയ്യാൻ ഭയപ്പെടുന്നതുപോലെ തന്നെയാണ് കേരളത്തിലെ സകല സംഘടനകളും ശബരിമല സ്ത്രീപ്രവേശന വിധിയെക്കുറിച്ച് കുറിച്ച് മിണ്ടാൻ പോലും ഭയപ്പെടുന്നത്!

കേരളത്തിലെ മുഖ്യധാരയിലുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയുടെ വിദ്യാർത്ഥി – യുവജന പ്രസ്ഥാനങ്ങളും,യുക്തിവാദികളും, അതിബുദ്ധിമതികളായ ഫെമിനിസ്റ്റുകളും അധികവും സംഘിപ്പേടിമൂലം മാളത്തിൽ ഒളിച്ചെങ്കിലും കുറച്ചധികം പേർ അത്രയും ഭീകരാന്തരീക്ഷത്തിലും” കൊല്ലണം അപ്പാ അയ്യപ്പാ” എന്ന കൊലവിളിയുമായി നിൽക്കുന്ന ക്രിമിനലുകളുടെ മുന്നിലേക്ക്, ഒരാളെ തടയുമ്പോൾ അടുത്തയാൾ എന്നനിലയ്ക്ക് പിന്നാലെ പിന്നാലെ വന്നുകൊണ്ടിരുന്നു എന്നത് ചെറിയകാര്യമല്ല.


ഞാൻ പോയ ദിവസം തന്നെ ചെന്നൈയിൽ നിന്ന് കുടുംബസമേതം എത്തിയ പഞ്ചവർണ്ണം, ആന്ധ്രയിൽനിന്നും കുടുംബസമേതം എത്തിയ മാധവി, ന്യുയോർക്ക് ടൈംസിലെ മാധ്യമ പ്രവർത്തക സുഹാസിനി രാജ്, ഹൈദരാബാദിൽനിന്നും വന്ന മോജോ ടിവിയുടെ കവിതാ ജാക്കൽ, രഹ്‌ന ഫാത്തിമ, പലതവണ പോകാൻ ശ്രമിച്ച മേരി സ്വീറ്റി, ആന്ധ്രയിൽനിന്നും ദർശനത്തിനെത്തിയ നവോജാമ്മ, എന്റെതന്നെ നാട്ടുകാരായ ബിജോയിയും ഭാര്യ അഞ്ജുവും, ശ്രേയസ് കണാരനും ഭാര്യയും, എസ്‌പി മഞ്ജു, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മഞ്ജുവിന്റെ മറ്റൊരു സുഹൃത്തായ ദളിത് ആക്ടിവിസ്റ്റ്, ബിന്ദു തങ്കം കല്യാണി, അമ്മിണി കെ. വയനാട്. അഡ്വ. സെൽവിയും മനീതി പ്രവർത്തകരും, തൃപ്തി ദേശായിയും സംഘവും. സീന യുറ്റികെ, ദിവ്യ ദിവാകരൻ. സനില രേഷ്മ നിഷാന്ത്. എല്ലാവർക്കും അറിയാവുന്ന ബിന്ദു അമ്മിണി, കനക ദുർഗ്ഗ…. അങ്ങനെ കുറച്ചധികം സ്ത്രീകൾ സംഘപരിവാറിന്റെ കൊലവിളി വിലവെക്കാതെ രംഗത്തുവന്നിരുന്നു. ബിന്ദു അമ്മിണിയും കനക ദുർഗ്ഗയും കയറുന്നതിന് 3 ദിവസം മുൻപ് ഡിസംബർ 30 ന് പമ്പയിലെത്തിയ 50 വയസിൽ താഴെയുള്ള സ്ത്രീകളെയും വിശാഖപട്ടണത്തുനിന്നുവന്ന 49 വയസുള്ള സ്ത്രീയെയും കർണ്ണാടകയിൽ നിന്നും വന്ന 30 വയസുള്ള സ്ത്രീയെയും ആചാരസംരക്ഷണ പോലീസ് തടഞ്ഞിരുന്നു. ശബരിമലയിലേക്ക് വന്ന പോലീസ് തടഞ്ഞ വിശ്വാസികളായ സ്ത്രീകൾ വേറെയും ഉണ്ട്.

എന്നാൽ ഇതിൽ കേരളത്തിൽ നിന്നും പോയ സ്ത്രീകളും അവരുടെ വീടുകളുമൊക്കെ ആക്രമിക്കപ്പെടുകയും അവരുടെ വീടുകളിലേക്ക് തെറിനാമജപ ഘോഷയാത്രയും കല്ലേറും അടക്കം നടത്തിയിട്ടും കേരളത്തിലെ പൊതുസമൂഹം കാഴ്ചക്കാരായി അതൊക്കെക്കണ്ട് ആസ്വദിച്ച് നോക്കിനിൽക്കുകയായിരുന്നു എന്നതിൽനിന്നുതന്നെ കേരളത്തിൻറെ പുരോഗമന നാട്യത്തിൻറെ കാപട്യം വ്യക്തമല്ലേ? 7 വീടുകൾ ആക്രമിക്കപ്പെട്ടിട്ടും ഒരു പ്രതിയെപ്പോലും ഇന്നുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

പോയി തിരിച്ചുവരുമ്പോൾ മുതൽ യാതൊരു സാമൂഹ്യസുരക്ഷയുമില്ലത്ത അവസ്ഥയിലാവുകയായിരുന്നു എല്ലാവരും. സുഹൃത്തുക്കൾ ബന്ധുക്കൾ അയൽവക്കക്കാർ എല്ലാവരും പേടിച്ചിട്ട് അകലുകയാണ്. ഞാൻ പോയതിൻറെ പേരിൽ തങ്ങളും ആക്രമിക്കപ്പെടുമോ എന്ന് ഭയന്ന് മുൻ‌കൂർ ജാമ്യം എടുക്കാനായി ഒരു യുക്തിവാദിനി അവർ എന്നെ അറിയുകപോലുമില്ലാത്ത തരത്തിൽ കൈരളി ടിവിയിൽ വന്ന് പറയുകയാണ്. മുൻപെങ്ങോ യുക്തിവാദിനിയായിരുന്ന ഒരു സ്ത്രീ ശബരിമലയിൽ പോയതിൻറെ പേരിൽ ഞങ്ങളുടെ വീടും ആക്രമിക്കപ്പെടും യുക്തിവാദികളായ സ്ത്രീകളാരും ശബരിമലയിൽ പോകാൻ പരിപാടിയില്ല. വിശ്വാസികൾക്ക് അവരുടെ വിശ്വാസം ഞങ്ങകൾക്ക് ഞങ്ങളുടെ ‘വിശ്വാസം’ എന്ന്. അങ്ങനെ എന്തെല്ലാം കോമഡികളും അതിനിടയിൽ കണ്ടു.


ഞാൻ ചെന്നതിനെത്തുടർന്ന് ലാത്തിച്ചാർജ്ജും ആചാരപരമായ ആദ്യത്തെ ‘നിലയ്ക്കലോട്ടവും’ പ്രതീഷ്‌വിശ്വനാഥിന്റെയും ടാർപ്പോളിൻ ഈശ്വറിന്റെയും അറസ്റ്റുമൊക്കെക്കഴിഞ്ഞു സംഘികൾ അയ്യപ്പ ഹർത്താൽ പരമ്പരയിലെ ആദ്യത്തെ അയ്യപ്പ ഹർത്താൽ പ്രഖ്യാപിക്കുകയും പോലീസ് അവിടെ 144 പ്രഖ്യാപിക്കുകയും ചെയ്തു. ഞാൻ അവിടെ നിൽക്കുമ്പോൾ തന്നെ ചേർത്തലയിലെ ഞങ്ങളുടെ ഓഫീസിൽ അയ്യപ്പഗുണ്ടകൾ അതിക്രമിച്ചുകയറി 4 ലാപ്പ് ടോപ്പുകൾ എറിഞ്ഞു തകർത്തു. ജനൽചില്ലുകൾ അടിച്ചുതകർത്തു 5 പേരെ പോലീസ് പിടികൂടിയെങ്കിലും ഞാൻ തിരിച്ചു വരുമ്പോൾ ആസിഡ് ബൾബ് എറിയുമെന്ന് അവർ വെല്ലുവിളിച്ചതിനാൽ പോലീസിനും ഭയമായി, എന്നോട് വീട്ടിലേക്ക് തിരിച്ചുവരുന്നത് സെയ്‌ഫ് അല്ലെന്നും സുരക്ഷിതമായ വേറേതെങ്കിലും സ്ഥലം പറഞ്ഞാൽ അവിടെക്കൊണ്ടാക്കാം എന്ന് പറയുകയും ഞാൻ ഒരു സ്ഥലം നിർദ്ദേശിക്കുകയുമായിരുന്നു. പിറ്റേന്നത്തെ ഹർത്താലും കഴിഞ്ഞാണ് ഞാൻ അവിടുന്ന് പോരുന്നത്. തിരിച്ചുവന്നപ്പോൾ മുതൽ വീട്ടിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

ബിന്ദു ടീച്ചറൊക്കെ തിരിച്ചു ചെന്നപ്പോൾ കോഴിക്കോട്ടെ വാടകവീട്ടിൽനിന്നും ഇറക്കിവിട്ടു. മകളുമായി കേരളത്തിലെ ഒരു പ്രമുഖ ഫെമിനിസ്റ്റ് എൻജിഒ യുടെ സ്ഥാപനത്തിൽ അഭയം പ്രാപിച്ച അവരെ രാത്രിയായപ്പോൾ അവിടെനിന്നും ഇറക്കിവിട്ടു. അതിനിടയിൽ ടിവിയിലൊക്കെ ഫെമിനിസ ചർച്ചയ്ക്കുപോകുന്ന മറ്റൊരു പ്രമുഖ ഫെമിനിസ്റ്റ് വണ്ടിയിൽ ലിഫ്റ്റ് പോലും നൽകാൻ തയാറായില്ല. അവസാനം യുക്തിവാദിയായ മാണിപറമ്പത്ത് ആണ് അദ്ദേഹത്തിൻറെ പാലക്കാടുള്ള വീട്ടിൽ താമസിപ്പിച്ചത്. ബിന്ദു അമ്മിണിയൊക്കെ കേരളം വിടുന്നതുവരെ നേരിട്ടുകൊണ്ടിരുന്ന അനുഭവങ്ങൾ നാം കണ്ടുകൊണ്ടിരുന്നതല്ലേ. പോയ എല്ലാ സ്ത്രീകളും സമൂഹ്യബഹിഷ്കരണവും പല പ്രശ്‍നങ്ങളും നേരിട്ടിട്ടുണ്ട്. എന്നാൽ കേരളത്തിലല്ലാതിരുന്ന സീന ഉൾപ്പെടയുള്ള ഒരു സ്ത്രീകൾക്കും ഇത്തരം പ്രശനങ്ങളൊന്നും ഇല്ലായിരുന്നു. ബിന്ദു അമ്മിണിയ്ക്കും കേരളം വിട്ടുകഴിഞ്ഞപ്പോൾ ഇപ്പോൾ പ്രശ്‍നങ്ങളൊന്നും ഇല്ലല്ലോ? അപ്പോൾ കേരളമാണ് കൂടുതൽ അപരിഷ്‌കൃതരായ ആചാര സംരക്ഷകന്മാരുടെ സ്ഥലം എന്ന് വ്യക്തമല്ലേ? പഴയ ഭ്രാന്താലയത്തിലേക്കുള്ള തിരിച്ചുപോക്കിലാണ്.

എന്നാൽ എനിക്ക് തികച്ചും വ്യത്യസ്ഥമായി തോന്നിയ ഒരനുഭവം ഇവരെല്ലാം വലിയ പുരോഗമന വാദികളെയും ഫെമിനിസ്റ്റുകളെയുമൊക്കെ ഒരു താത്കാലിക അക്കോമഡേഷനുവേണ്ടി കോൺടാക്റ്റ് ചെയ്തപ്പോൾ ഉണ്ടായ അനുഭവമല്ല ഞാൻ കോണ്ടക്ട് ചെയ്ത ആളിൽനിന്നും എനിക്കുണ്ടായത്. പോകുന്നതിൻറെ തലേന്ന് കൂടെപ്പോരുന്നോ എന്നറിയാൻ ഞാൻ കോണ്ടാക്റ്റ് ചെയ്ത കുറെ ഫെമിനിസ്റ്റുകളെല്ലാം ഒറ്റയടിക്ക് നിരീശ്വരവാദികളായി മാറുകയും അല്ലെങ്കിൽ വന്നേനെ എന്ന മറുപടിയിൽ നിന്നും ഞാൻ മാത്രം ഭക്തിവാദി ആകുകയും ചെയ്തതിനാൽ ഞാൻ വരെയോ പുരോഗമനക്കാരെയോ കൊൺ ടാക്റ്റ് ചെയ്യാൻ നിൽക്കാതെ വിളിച്ചത് മുൻപ് ഫ്രാൻസിസ് സാറിൻറെ സ്‌കൂളിലെ അദ്ധ്യാപകനും എൻറെ സഹപ്രവർത്തകനുമൊക്കെയായിരുന്ന ഇപ്പോൾ ഒരു സന്യാസിയായ ആളെയാണ്. അദ്ദേഹത്തിൻറെ മറുപടി യാതൊരു എസ്ക്യൂസുകളും പറയാതെ “അതിനെന്താ ധൈര്യമായി ഇങ്ങോട്ട് പോരൂ. ഇവിടെ ഒരുത്തനും വരില്ല എന്നായിരുന്നു” മലയാളികളുടെ സ്വകാര്യ അഹങ്കാരമായി കരുതാവുന്ന അങ്ങനെയുള്ള ചില ആത്മീയ തുരുത്തുകൾ കേരളത്തിൽ അവശേഷിക്കുന്നുണ്ട് എന്ന് നിരീശ്വരവാദിയായാ ഞാൻ അങ്ങനെ തിരിച്ചറിയുകയായിരുന്നു. അത്തരം സ്ഥാപനങ്ങളെയും സംഘിസം വിഴുങ്ങാൻ അനുവദിക്കാതിരിക്കുക.

വിശ്വാസിയായാലും അവിശ്വാസിയായാലും കേരളത്തിൻറെ സാംസ്‌കാരിക ചരിത്രത്തിൽ മാത്രമല്ല വർത്തമാന സാഹചര്യത്തിലും അരുവിപ്പുറത്തെ ശ്രീ നാരയണന്റെ ധിക്കാരപ്രതിഷ്ഠയ്ക്ക് അപ്പുറമല്ല ഒരു അയ്യപ്പനും നെയ്യപ്പനുമെന്ന് അന്നെനിക്ക് മനസിലായി.