Fri. Nov 20th, 2026

✍️ ലിബി. സിഎസ്

ആലപ്പുഴയിലെ ആസനം റിസർച്ച് സെൻറർ ഡയറക്റ്റർ ഫാദർ ഡോ. വിപി ജോസഫിൻറെ ഫെയ്‌സ്‌ബുക്ക്‌ പേജിൽ പങ്കുവെച്ച എകെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയുടെ അനുഭവ സാക്ഷ്യ വീഡിയോ വൈറൽ ആകുകയും വാർത്തയാകുകയും ചെയ്തതിനെ തുടർന്ന് യുക്തിവാദികളും രാഷ്ട്രീയക്കാരുമൊക്കെ പരിഹാസ പോസ്റ്റുകളും പങ്കുവെച്ചിട്ടുണ്ട്.

‘കൃപാസനത്തിലെ പ്രാർത്ഥനയിലൂടെയാണ് മകന്റെ ബി ജെ പി പ്രവേശത്തിന് അനുമതി ലഭിച്ചത്. കൃപാസനത്തിലെ വൈദികനാണ് ബി ജെ പി പ്രവേശനത്തിന് അനുമതി നൽകിയത്. അതുവരെ ബി ജെ പിയോട് ഉണ്ടായിരുന്ന വെറുപ്പ് മാറിയെന്നും’ ഒക്കെ എലിസബത്ത് അതിൽ പറയുന്നുണ്ട്. ‘താൻ നൽകിയ തുണ്ട് ജോസഫ് അച്ചൻ കൃപാസനം അമ്മയുടെ കാൽക്കീഴിൽ വെച്ച് പ്രാർത്ഥിച്ച ശേഷം പറഞ്ഞു, മകൻ തിരിച്ചു വരാൻ പ്രാർത്ഥിക്കേണ്ടെന്ന്. ബിജെപിയിൽ മകന് നല്ലൊരു ഭാവി അമ്മ കാണിച്ചു തരും. ഉടനേ തന്നെ തന്റെ മനസ്സ് അമ്മ മാറ്റി തന്നു. ബിജെപിയോടുള്ള എല്ലാ വെറുപ്പും അറപ്പും ദേഷ്യവും എല്ലാം അമ്മ ഓൺ ദി സ്പോട്ടിൽ മാറ്റി തനിക്ക് വേറൊരു ഹൃദയം തന്നു. ബിജെപിയിൽ മകന് നിരവധി അവസരങ്ങൾ ലഭിക്കും’ എന്നൊക്കെയാണ് അതിൽ ഉള്ളത്.

ഇതിൽ പരിഹസിക്കാൻ എന്തിരിക്കുന്നു? അച്ചന്റെ പ്രവചനം കറക്റ്റാണ്. അച്ചൻ ആ വീഡിയോ അപ്‌ലോഡ് ചെയ്തതിലും കൃത്യമായ ലക്ഷ്യമുണ്ട്. അത് കളിയാക്കുന്നവർക്ക് വൈകാതെ മനസിലായിക്കോളും. കൃപാസനം റിസർച്ച് സെന്ററിനെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ലാഞ്ഞിട്ടാണ് പരിഹസിക്കുന്നത്.


എനിക്ക് ജോസഫ് അച്ചനെ ഞങ്ങളുടെ തൈക്കൽ ഇടവക വികാരി ആയിരിക്കുമ്പോൾ മുതൽ അറിയാവുന്നതാണ്. അവിടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പറ്റിച്ച് ലൊട്ടുലൊടുക്ക് പ്രാർത്ഥനയുമായാണ് അച്ചൻ ഈ കലാപരിപാടി തുടങ്ങിയത്. മീൻകൂടുതൽ കിട്ടിയാൽ അവർ അച്ചന് സ്വർണ്ണത്തിന്റെ മീനും ചെമ്മീനും ഒക്കെകൊണ്ടുവന്ന് കൊടുക്കാൻ തുടങ്ങി. അവിടന്നങ്ങോട്ട് വെച്ചടിവെച്ചടി കയറ്റമായിരുന്നു. അച്ചന്റെ കണക്കുകൂട്ടലുകളും പ്രവചനകളുമൊന്നും പിന്നീടൊരിക്കലും തെറ്റിയിട്ടില്ല.

പിന്നീട് ഇത് വലിയ തട്ടിപ്പ് കേന്ദ്രമായി വികസിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഇതിൻറെ പിന്നാലെ കുറെ നടന്നതാണ്. അവിടെ നടക്കുന്ന തട്ടിപ്പുകൾ പലതും എൻറെ സംഘികൾ പൂട്ടിച്ച പഴയ ഐഡിയിൽ പലതവണ പോസ്റ്റിയിരുന്നു. പക്ഷേ ഞാൻ യുക്തിവാദിയായതിനാൽ ഇങ്ങനൊക്കെ എഴുതുന്നതായി കരുതി ആരും അതത്ര കാര്യമാക്കിയില്ല. എന്നാൽ കല്യാണം നടക്കാൻ കൃപാസനം പത്രം ദോശയിൽ അരച്ചുകൊടുത്ത സംഭവം കയ്യോടെ പിടിക്കാനും പെൺകുട്ടിയെ അവർക്ക് സ്വാധീനിക്കാൻ പറ്റാത്ത രീതിയിൽ ഹോസ്പിറ്റലിൽനിന്ന് എൻറെ കസ്റ്റഡിയിൽ തന്നെ താമസിപ്പിക്കുകയും അത് വാർത്തയാകുകയും ചെയ്തതോടെയാണ് കൃപാസനത്തിന് ചെറിയൊരു തിരിച്ചടി കിട്ടിയതും എല്ലാവരും സോഷ്യൽ മീഡിയയിലിട്ട് അലക്കാനും തുടങ്ങിയത്. അന്നത് കയ്യോടെ പിടിക്കാനായത് ഫുഡ്‌പോയിസണായി പെൺകുട്ടി ആശുപത്രിയിലെത്തുമ്പോൾ യുക്തിവാദിയായ ഫ്രാൻസിസ് സാറിൻറെ മകളും ഹസ്ബന്റും ചേർത്തല ആശുപത്രിയിൽ ഡോക്ടേഴ്സ് ആയിരുന്നതുകൊണ്ടാണ്. അവർ എന്നെ അറിയിക്കുകയും ഞാൻ അത് വാർത്തയാക്കുകയുമായിരുന്നു. തുടർന്ന് കൃപാസനം മാർച്ചും പ്രതിഷേധങ്ങളുമൊക്കെ നടന്നിരുന്നു. അതങ്ങനെ തീർന്നു എന്നല്ലാതെ അദ്ദേഹത്തിൻറെ ബിസിനസിന് ഒന്നും സംഭവിച്ചില്ല. അത് നാൾക്കുനാൾ അഭിവൃദ്ധിപ്പെടുകയാണ് ഉണ്ടായത്. അത് ഒരു വെറും ധ്യാന കേന്ദ്രമല്ല. അവിടെപോയിട്ടുള്ളവർ അതിൻറെ ബോർഡ് കണ്ടില്ലേ? അതൊരു റിസർച്ച് സെന്ററാണ്. ഇടതുവലതു സര്‍ക്കാരുകള്‍ ലക്ഷക്കണക്കിന് രൂപയാണ് ഈ സ്ഥാപനത്തിന് പലപ്പോഴായി അനുവദിച്ചത്. അതിന് പുറമേ ഇടതുസർക്കാർ കഴിഞ്ഞതവണ എല്ലാം ശരിയാക്കാനായി വന്നപ്പോൾ. ആദ്യം ശരിയാക്കിയതും ആസനം ജോസഫിൻറെ കാര്യമാണ്. ആദ്യ ബഡ്ജറ്റിൽത്തന്നെ അരക്കോടി രൂപയാണ് നുമ്മടെ ഐസക്ക് അച്ചായാൻ 2016-2017 വർഷത്തെ ബഡ്ജറ്റിൽ വകകൊള്ളിച്ച്‌ നമ്മളെപ്പോലുള്ളവരുടെ നികുതിപ്പണം ആസനം റിസേർച്ച് സെന്ററിന് നൽകിയത്. ബഡ്ജറ്റ് പ്രസംഗം നെറ്റിൽ അവൈലബിൾ ആണ്. ആർക്കും പരിശോധിച്ച് നോക്കാവുന്നതാണ്. ലിങ്ക് ചുവടെ ചേർക്കുന്നു. ട്രോളുന്ന സഖാക്കൾ അതുകൂടി ഒന്ന് ക്ലിക്ക് ചെയ്ത് നോക്കണേ.

FOR READ THE BUDGET CLICK HERE: പുതുക്കിയ ബജറ്റ് പ്രസംഗം 2016-2017

കുറ്റം പറയരുതല്ലോ അവിടെ നടത്തിയ റിസർച്ചിന്റെ ഫലമായി അദ്ദേഹം കഴിഞ്ഞ കോവിഡ് കാലത്ത് വളരെ രഹസ്യമായ ഒരു കൊറോണ നിർവീര്യ ഫോർമുല വികസിപ്പിച്ചെടുത്തിരുന്നു. സകല രോഗശാന്തി തട്ടിപ്പുകാരും പൂട്ടികെട്ടിയ കൊറോണക്കാലത്തുപോലും ആസനം ധ്യാനകേന്ദ്രത്തിന് ഒന്നും സംഭവിച്ചില്ല. അച്ചൻ ഓൺലൈൻ ഉടമ്പടിയിലൂടെ കൊറോണ നിർവീര്യ പ്രാർത്ഥന ആരംഭിച്ചു. എലിസബത്ത് ആൻറണിയുടെ സാക്ഷ്യത്തിലും അവർ കൊറോണ സുഖപ്പെടുത്താനാണ് ആദ്യമായി ഉടമ്പടി വെച്ചതെന്ന് പറയുന്നുണ്ടല്ലോ?

ഇപ്പോൾ ഈ വിഷയത്തിലും അദ്ദേഹത്തിൻറെ പ്രവചനം കറക്റ്റാണ്. ഇനി ഭാവി ബിജെപിയിലാണ്. അത് അനിൽ ആന്റണിക്കുമതെ ജോസഫ് അച്ചനും അതേ. സിപിഎംൻറെകൂടെ നിന്ന് കിട്ടാവുന്നതൊക്കെ നേടി. ഇനി മെച്ചം ബിജെപിയിലാണെന്ന് അദ്ദേഹത്തിന്‌ അറിയാം. അതും അദ്ദേഹം തൻറെ ഗവേഷണ കേന്ദ്രത്തിൽ 2016 മുതലുള്ള കഴിഞ്ഞ 7 വർഷത്തെ കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക രംഗങ്ങളെയാകെ ഒരു വിശ്ലേഷണ സംശ്ലേഷണ പഠനം നടത്തി കണ്ടെത്തിയതാണ്. ഇനി അനിൽ ആന്റണിയുടെയും ആസനം ജോസഫിന്റെയും ഭാവി ബിജെപിയിൽ തന്നെയാണ്. രണ്ടുപേർക്കും ഒരുപാട് അവസരങ്ങളും ഫണ്ടുകളുമൊക്കെ കിട്ടുവാൻ കൃപാസനം മാതാവ് അനുഗ്രഹിക്കട്ടെ!
ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ ആമേൻ