Sun. Apr 14th, 2024

കാസര്‍കോട്: ഉദ്ഘാടന പ്രസംഗം അവസാനിപ്പിക്കും മുമ്പ് മൈക്ക് അനൗണ്‍സ്‌മെന്റ് ഉയര്‍ന്ന വേദിയില്‍ സംഘാടകര്‍ക്കു മുഖ്യമന്ത്രിയുടെ ശാസന. കാസര്‍കോട് ബെഡഡുക്ക സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. പ്രസംഗം അവസാനിപ്പിച്ച് ഇരിക്കുന്നതിനു മുമ്പ് അനൗണ്‍സ് മെന്റ് ഉയരുകയായിരുന്നു. ചെവി കേട്ടുകൂടേയെന്നും ഇതൊന്നും ശരിയല്ലെന്നും മുഖ്യമന്ത്രി സംഘാടകരോടു പറഞ്ഞു. തുടര്‍ന്നു വേദി വിടുകയും ചെയ്തു. അസംതൃപ്തി സംഘാടകരെ അറിയിക്കുകമാത്രമാണു ചെയ്തതെന്നും ഇറങ്ങിപ്പോയതല്ലെന്നും മുഖ്യമന്ത്രി മറ്റൊരു വേദിയില്‍ പറഞ്ഞു.


കാസര്‍കോട് ജില്ലയിലെ ശക്തികേന്ദ്രമായ ബേഡഡുക്കയിലാണ് പാര്‍ട്ടി ഭരണത്തിലുള്ള ബാങ്കിന്റെ കെട്ടിട ഉദ്ഘാടനത്തതിനെക്കുറിച്ചു വിശദമാക്കിയതായിരുന്നു പ്രസംഗം. ചില പുഴുക്കുത്തുകള്‍ ചിലയിടങ്ങളില്‍ ഉണ്ടാവാം. അഴിമതി മാര്‍ഗം സ്വീകരിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സര്‍ക്കാര്‍ എടുത്തത്. വാണിജ്യ ബാങ്കുകളിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി സഹകരണ മേഖലയാകെ മോശമാണെന്ന് ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. അന്വേഷണത്തിന്റെ പേരില്‍ പുകമറ സൃഷ്ടിക്കുന്നുവെന്നും സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വേഷണത്തെ പരാമര്‍ശിച്ചുകൊണ്ടു പറഞ്ഞു.

സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി ബാലകൃഷ്ണന്‍, ഉദുമ എംഎല്‍എ സിഎച്ച് കുഞ്ഞമ്പു തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു.