Mon. Nov 23rd, 2026

ന്യൂഡൽഹി: സെപ്തംബർ ഒൻപതിനും പത്തിനും ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ഭവനിൽ നടത്തുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്ന് സാധാരണ പ്രയോഗിക്കുന്നതിന് വിരുദ്ധമായി പ്രസിഡന്റ് ഓഫ് ഭാരത് എന്ന് പ്രയോഗിച്ചത് വിവാദമാകുന്നു. ഇതാദ്യമായാണ് ഔദ്യോഗിക കത്തിൽ ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് പ്രയോഗിക്കുന്നത്. കോൺഗ്രസ് നേതാവ് ജയറാം രമേശ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടി നേതാക്കൾ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നു.

ഭരണഘടനയുടെ ആർട്ടിക്കിൾ ഒന്ന് ഇനി മുതൽ ‘മുമ്പ് ഇന്ത്യ എന്നറിയപ്പെട്ടിരുന്ന ഭാരതം എന്ന് വിളിക്കപ്പെടുന്ന ഭാരതം സംസ്ഥാനങ്ങളുടെ യൂണിയനായിരിക്കു’മെന്ന് (ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും എന്നാണ് ഭരണഘടനയുടെ ആർട്ടിക്കിൾ ഒന്നിൽ യഥാർഥത്തിൽ പറയുന്നത്) വായിക്കേണ്ടി വരുമെന്നും ഇപ്പോൾ ഈ സംസ്ഥാനങ്ങളുടെ യൂണിയനും ആക്രമിക്കപ്പെടുകയാണെന്നും ജയറാം രമേശ് എക്സ് പ്ലാറ്റ്ഫോമിൽ എഴുതി.


എഎപി നേതാവ് രാഘവ് ഛദ്ദയും ഇതിനോട് പ്രതികരിച്ച് ട്വീറ്റ് ചെയ്തു. രാജ്യം ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും ഇത് 135 കോടി ഇന്ത്യക്കാരുടെതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ബിജെപിക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് മാറ്റാൻ അവരുടെ സ്വകാര്യ സ്വത്തല്ല നമ്മുടെ ദേശീയ സ്വത്വമെന്നും അദ്ദേഹം പറഞ്ഞു.

ജി 20യുടെ ഭാഗമായി വിദേശ പ്രതിനിധികൾക്ക് കൈമാറിയ ലഘുലേഖയിലും ഇന്ത്യക്ക് പകരം ഭാരത് എന്നാണ് പ്രയോഗിച്ചത്. “ഭാരതം, ജനാധിപത്യത്തിന്റെ മാതാവ്” എന്ന പേരിലാണ് ലഘുലേഘ പുറത്തിറക്കിയത്.

ഇന്ത്യൻ ഭരണഘടനയിൽ നിന്ന് ഇന്ത്യ എന്ന പ്രയോഗം ഒഴിവാക്കി ഭാരത് എന്നാക്കി മാറ്റുന്നതിനുള്ള ബിൽ പ്രത്യേക പാർലിമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്ന വാർത്തകൾക്കിടയിലാണ് രാഷ്ട്രപതിയുടെ ക്ഷണക്കത്തിൽ ഭാരത് എന്ന് പ്രയോഗിക്കുന്നതെന്നതും ശ്രദ്ധേയമാണ്.