Fri. Nov 6th, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് തുല്യമായ സാമൂഹ്യനീതി കൈവന്നിട്ടില്ലെന്ന് ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. സെക്രട്ടറിയേറ്റ് തമ്പുരാൻ കോട്ടയായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവർ വേദിയിലിരിക്കെയായിരുന്നു വിമർശനം.


ദൈവദശകം പ്രാർത്ഥനാഗീതമായി അംഗീകരിക്കണമെന്നും സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു. ‘സെക്രട്ടറിയേറ്റ് തമ്പുരാൻ കോട്ടയായി തന്നെ ഇപ്പോഴും നിൽക്കുകയാണ്. ദൈവദശകം നമ്മുടെ രാജ്യത്തിന്റെ പ്രാർത്ഥനാ ഗാനമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ശിവഗിരിയിലെ സന്യാസിമാർ കേരളത്തിലെ കഴിഞ്ഞുപോയതടക്കമുള്ള മന്ത്രിസഭകൾക്കൊക്കെ ഒരു നിവേദനം കൊടുത്തിരുന്നു.’- അദ്ദേഹം പറഞ്ഞു.

പ്രധാന ക്ഷേത്രങ്ങളിലെ ശാന്തിനിയമനത്തിൽ ബ്രാഹ്മണർക്ക് മാത്രം മുൻഗണന നൽകുകയാണെന്നും അദ്ദേഹം വിമർശിച്ചു. 169-ാമത് ശ്രീനാരായണഗുരുദേവ ജയന്തി ശിവഗിരിയിൽ വിപുലമായി ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി നടന്ന മഹാസമ്മേളനത്തിലാണ് സ്വാമി സച്ചിദാനന്ദ പരാമർശം ഉന്നയിച്ചത്.