കൊച്ചി: വ്യാജരേഖ കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. തൃക്കാക്കര പോലീസ് ആണ് ഷാജനെ അറസ്റ്റ് ചെയ്തത്. ബിഎസ്എന്‍എല്‍ ബില്‍ വ്യാജമായി നിര്‍മ്മിച്ചു എന്ന കേസിലാണ് അറസ്റ്റ്. നിലമ്പൂരില്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോള്‍ ആണ് ഷാജനെ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയില്‍ താമസിക്കുന്ന രാധാകൃഷ്ണന്‍ എന്നയാള്‍ മുഖ്യമന്ത്രിയ്ക്ക് ഇ മെയില്‍ വഴി നല്‍കിയ പരാതിയില്‍ ആണ് നടപടി. ഷാജൻ സ്‌കറിയയെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഷാജന്‍ സ്‌കറിയ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു. രാവിലെ നിലമ്പൂര്‍ എസ്എച്ച്ഒയ്ക്ക് മുന്നില്‍ ഹാജരാകണം എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. വീഴ്ച വരുത്തിയാല്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. നിലമ്പൂര്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്‌കറിയ നല്‍കിയ പരാതിയില്‍ ആയിരുന്നു ഷാജന്‍ സ്‌കറിയക്കെതിരെ പോലീസ് കേസെടുത്തത്.
ഈ മാസം 17 ന് ഹാജരാകാന്‍ ആയിരുന്നു ഷാജന്‍ സ്‌കറിയയോട് കോടതി നേരത്തെ ആവശ്യപ്പെട്ടത്. കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ കോടതി നേരത്തെയും വിമര്‍ശിച്ചിരുന്നു. ഹര്‍ജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജന്‍ സ്‌കറിയയുടേതെന്നുമായിരുന്നു ജസ്റ്റിസ് കെ ബാബു നേരത്തെ വിമര്‍ശിച്ചത്.
ഇന്ന് സ്റ്റേഷനില്‍ ഹാജരായ ഷാജന് നിലമ്പൂരിലെ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യം നല്‍കി. എന്നാല്‍ അപ്രതീക്ഷിതമായി തൃക്കാക്കര പോലീസ് നിലമ്പൂര്‍ സ്റ്റേഷനിലെത്തി ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യുകയായിരുന്നു.


