പുതുപ്പള്ളി: ഉമ്മന്‍ചാണ്ടിയെ പുകഴ്തിപ്പറഞ്ഞതിനു ജോലി പോയി എന്നു പ്രചരിപ്പിക്കപ്പെട്ട സംഭവത്തില്‍ സതിയമ്മക്കെതിരെ ആള്‍മാറാട്ടത്തിനു കേസ്. പുതുപ്പള്ളിയിലെ മൃഗസംരക്ഷണ കേന്ദ്രത്തില്‍ വ്യാജരേഖയുണ്ടാക്കി ജോലി നേടിയെന്ന ആരോപണത്തിലാണ് കേസ്. ഇക്കാര്യം എഫ് ഐ ആറില്‍ പറയുന്നു.
വ്യാജരേഖ ചമക്കല്‍, ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാ മോള്‍, പ്രസിഡന്റ് ജാനമ്മ, വെറ്ററിനറി സെന്റര്‍ ഫീല്‍ഡ് ഓഫീസര്‍ ബിനു എന്നിവരും പ്രതികളാണ്. ബിനുവിനെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്.
രേഖകള്‍ പ്രകാരം ജോലി ചെയ്യേണ്ടിയിരുന്ന ജിജിമോള്‍ നല്‍കിയ പരാതിയിലാണ് കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തത്. പുതുപ്പള്ളി വെറ്ററിനറി സെന്ററില്‍ ജോലി ചെയ്തിട്ടില്ലെന്നും ഒപ്പിടുകയോ വേതനം കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്നുമാണ് ജിജി മോളുടെ പരാതിയില്‍ പറയുന്നത്.
സതിയമ്മ ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തി മാധ്യമങ്ങളോട് സംസാരിച്ചതിനാല്‍ പുറത്താക്കിയെന്നാരോപിച്ച് തിരുവഞ്ചൂരിന്റെ നേതൃത്വത്തില്‍ യു ഡി എഫ് നേതാക്കള്‍ മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ സതിയമ്മയുടെ വീട്ടിലെത്തിയിരുന്നു. 13 വര്‍ഷമായി വെറ്ററിനറി സെന്ററില്‍ സ്വീപ്പറായിരുന്നു സതിയമ്മ.


