മാനന്തവാടി: വയനാട് തലപ്പുഴ കണ്ണോത്ത് മലയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു. തേയില നുള്ളാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. അപകടത്തില്‍ 9 പേര് മരണപ്പെട്ടു. മരിച്ചത് എല്ലാവരും സ്ത്രീകളാണ്. ആകെ 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. അപകടം നടന്നയുടനെ പരിസരവാസികളെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
തേയില നുള്ളി തിരികെവരുമ്പോഴായിരുന്നു അപകടം. മരണപ്പെട്ടവരില്‍ 6 പേരെ തിരിച്ചറിഞ്ഞു. റാണി, ശാന്ത, ചിന്നമ്മ, റാബിയ, ലീല, ഷാജ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മക്കി മലയില്‍ തൊഴിലെടുത്തിരുന്ന എസ്റ്റേറ്റ് തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. വാഹനത്തിന്റെ നിയന്ത്രണം വിടുകയായിരുന്നു. സംഭവ സ്ഥലത്തുവച്ച് തന്നെ മൂന്നു പേര് മരിച്ചു.
രാവിലെ ഒരു സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലേക്ക് പോയ തൊഴിലാളികള്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. കെ എല്‍ 11 ബി 5655 നമ്പര്‍ ജീപ്പാണ് അപകടത്തില്‍ പെട്ടത്.
അതേസമയം, വനം മന്ത്രി എകെ ശശീന്ദ്രന് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വനം മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്. പരിക്കേറ്റവര്‍ക്കുള്ള ചികിത്സയുള്‍പ്പെടെ എല്ലാ നടപടികളും ഏകോപിപ്പിക്കാനും വേണ്ട മറ്റു നടപടികള്‍ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.


