ആലപ്പുഴ: കയർ ഫാക്ടറി തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ. ആലപ്പുഴ കാളാത്ത് തടിയ്‌ക്കൽ വീട്ടിൽ സുരേഷ് കുമാർ (54) ആണ് മരിച്ചത്. മകൻ നിഖിൽ (30) ഒളിവിലാണ്. അച്ഛനും മകനും തമ്മിൽ കഴിഞ്ഞ ദിവസം രാത്രി വീടിനുള്ളിൽ വച്ച് വാക്കേറ്റം ഉണ്ടായതായി നിഖിലിന്റെ അമ്മ മിനിമോൾ പൊലീസിനെ അറിയിച്ചു.
വീടിന്റെ ചവിട്ടുപടിയിൽ വീണതിനെ തുടർന്ന് കാലിന് പരിക്കേറ്റ മിനിമോൾ പ്ലാസ്റ്ററിട്ട് കിടപ്പിലാണ്. രാവിലെ ഏഴരയായിട്ടും ഭർത്താവ് എഴുന്നേൽക്കാത്തതിനെ തുടർന്ന് അടുത്ത മുറിയിൽ ചെന്ന് നോക്കുമ്പോഴാണ് സുരേഷ് മരിച്ച വിവരം മിനിമോൾ അറിഞ്ഞത്. ഇവരുടെ ബഹളം കേട്ടാണ് അയൽവാസികൾ എത്തിയത്.
ഈ മാസം 28ന് നിഖിലിന്റെ വിവാഹം ആണ്. വിവാഹ ആവശ്യത്തിനായി എടുത്ത പണത്തിനെ ചൊല്ലിയാണ് ഇരുവരും സംസാരത്തിലായത്. നഗരത്തിലെ ഒരു കേബിൾ സ്ഥാപനത്തിലെ ജോലിക്കാരൻ ആണ് നിഖിൽ. നോർത്ത് പൊലീസ് ഹൗസ് സ്റ്റേഷൻ ഓഫീസർ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.


