Sat. Nov 21st, 2026

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സി പി എം കോട്ടയം ജില്ലാ കമ്മിറ്റിയംഗം ജെയ്ക് സി തോമസ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയാവും. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു.

എല്‍ ഡി എഫ് രാഷ്ട്രീയമായാണ് തെരഞ്ഞെടുപ്പിനെ കൈകാര്യം ചെയ്യുക. ചില മാധ്യമങ്ങള്‍ എന്തൊക്കെയോ കഥ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത് രാഷ്ട്രീയപോരാട്ടമാണ്. കേവലമായ വൈകാരിക പ്രകടനങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല. തെരഞ്ഞെടുപ്പില്‍ വിചാരണചെയ്യപ്പെടുക പ്രതിപക്ഷമായിരിക്കും. എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുകയാണ് പ്രതിപക്ഷം. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരില്ല എന്നായിരുന്നു മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റേയും വിചാരം.


സര്‍ക്കാരിനെതിരെ എന്തെല്ലാം അപവാദപ്രചരണങ്ങള്‍ നടത്തിയാലും ജനങ്ങള്‍ എല്‍ ഡി എഫിനൊപ്പമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കില്ല എന്ന് അജണ്ടവച്ച് തീരുമാനിച്ച പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. എല്ലാത്തിനെയും നിഷേധിക്കുന്ന നിലപാടാണ് അവര്‍ക്ക്. എന്നാല്‍ ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കുന്നുണ്ട്. രാജ്യത്തിനു മാതൃകയായ സര്‍ക്കാരാണ് കേരളത്തിലേത്. കേരളത്തിനെതിരെ സാമ്പത്തിക പ്രതിരോധം തീര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഏത് സാമ്പത്തിക പ്രതിസന്ധി വന്നാലും തീരുമാനിക്കപ്പെട്ട വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരാണിത്. പുതുപ്പള്ളിയില്‍ എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ചയാക്കി പ്രവര്‍ത്തിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.