Fri. Nov 20th, 2026

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ നേരിടാന്‍ സി പി എം ജെയ്ക് സി തോമസിനെ രംഗത്തിറക്കും. സി പി എം സംസ്ഥാന സെക്രട്ടറിയറ്റില്‍ ഉണ്ടായ തീരുമാനം നാളെ പ്രഖ്യാപിക്കും. ജെയ്ക്കിന് പുതുപ്പള്ളിയില്‍ ഇതു മൂന്നാം അങ്കമാണ്. രണ്ടാമത്തെ പോരാട്ടത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവു വരുത്താന്‍ കഴിഞ്ഞു എന്നതാണ് ജെയ്ക്കിന്റെ പ്രത്യേകത. 2021 ല്‍ ഉമ്മന്‍ചാണ്ടിയെ വിറപ്പിച്ച പ്രകടനം കാഴ്ച വച്ച ജെയ്ക് തന്നെ രംഗത്തിറങ്ങണമെന്നായിരുന്നു പുതുപ്പള്ളിയിലെ മുഴുവന്‍ ഏരിയാ കമ്മിറ്റി അംഗങ്ങളും നിര്‍ദ്ദേശിച്ചത്.


മണ്ഡലത്തില്‍ ഇടതുപക്ഷത്തിനു ശക്തമായ അടിത്തറയുണ്ടെന്നാണു ജെയ്ക് പ്രതികരിച്ചത്. പാര്‍ട്ടി സംവിധാനങ്ങളുടെ രീതി അനുസരിച്ചുമാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവു എന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളിയില്‍ ഭയപ്പാടുകൊണ്ടാണു കോണ്‍ഗ്രസ് ഉടനെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതെന്നു എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ്സിനകത്തുനിന്നും കുടുംബത്തില്‍ നിന്നുപോലും മറ്റു സ്ഥാനാര്‍ഥികള്‍ വന്നേക്കുമെന്ന ഭയമായിരുന്നു കോണ്‍ഗ്രസ്സിന്. എന്നാല്‍ എല്‍ ഡി എഫിന് അത്തരമൊരു ഭയപ്പാടും ഇല്ലെന്നും എല്ലാവിധ ജനാധിപത്യ രീതികളും പിന്‍തുടര്‍ന്നാണ് സി പി എം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.