Sat. Nov 21st, 2026

തിരുവനന്തപുരം: മലയാളികളുടെ പ്രിയ സംവിധാകനായ സിദ്ദിഖിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സാംസ്കാരിക കേരളത്തിന് നഷ്ടമായതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ കുറിച്ചു.

ഗൗരവതരമായ ജീവിത പ്രശ്നങ്ങളെ നർമ്മ മധുരമായ ശൈലിയിൽ അവതരിപ്പിക്കുന്നതിൽ സിദ്ദിഖ് ശ്രദ്ധേയമായ മികവ് പുലർത്തിയിരുന്ന സിദ്ധിഖ് മികച്ച തിരകഥാകൃത്തും സംവിധായകനുമായിരുന്നു . അദ്ദേഹവും ലാലും ചേർന്ന് ഒരുക്കിയ പല സിനിമകളിലെ മുഹൂർത്തങ്ങളും സംഭാഷണങ്ങളും ജനമനസ്സിൽ പതിറ്റാണ്ടുകൾക്ക് ശേഷവും മായാതെ നിൽക്കുന്നത് തന്നെ അദ്ദേഹത്തിലെ പ്രതിഭയുടെ സ്വീകാര്യതക്കുള്ള ദൃഷ്ടാന്തമാണ്. റാംജി റാവു സ്പീക്കിങ്ങ്, ഇൻ ഹരിഹർ ന​ഗർ, ​ഗോഡ്ഫാദർ തുടങ്ങിയ ഇവരുടെ ചലച്ചിത്രങ്ങൾ വ്യത്യസ്ത തലമുറകൾക്ക് സ്വീകാര്യമായിരുന്നു. മലയാള ഭാഷക്കപ്പുറം തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചലച്ചിത്ര രം​ഗത്തിന് സംഭാവന നൽകാൻ സിദ്ദിഖിന് സാധിച്ചു. മലയാള ചലച്ചിത്ര മേഖലയ്ക്കും മലയാളികൾക്കാകെയും നികത്താനാവാത്തതാണ് സിദ്ദിഖിന്റെ വിയോ​ഗം മൂലം ഉണ്ടായിട്ടുള്ള നഷ്ടം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. മുഖ്യമന്ത്രി അറിയിച്ചു.


ചിരിമേളമൊരുക്കിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധാനായ സിദ്ദിഖ് വിട്ടുപിരിഞ്ഞതായുള്ള ദുഃഖ വാർത്ത അൽപ്പസമയം മുൻപ് സംവിധായകരായ ബി ഉണ്ണികൃഷ്ണനും ലാലും ചേർന്നാണ് പുറത്തുവിട്ടത്. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിരിക്കോ കൊച്ചി അമൃത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കരൾ രോഗത്തിന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിരുന്നു. ആരോഗ്യനില വഷളായതിന് പിന്നാലെ എക്മോ സംവിധാനത്തിന്റെ സപ്പോർട്ടിൽ കഴിയവേയാണ് അന്ത്യം.

മൃതദേഹം നാളെ രാവിലെ ഒമ്പത് മണി മുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെയ്ക്കും എറണാകുളം സെന്റർ ജുമാ മസ്ജിദിൽ നാളെ വൈകുന്നരം ആറുമണിയോടെയാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. ന്യൂമോണിയയും കരൾ രോഗവും കാരണം ജൂലായ് പത്തിനാണ് സിദ്ദിഖിനെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ തുടരുന്നതിനിടെ തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.