Sun. Nov 22nd, 2026

ന്യുഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു. ലോക്‌സഭാ സെക്രട്ടറിയേറ്റ് അംഗത്വ പുനഃസ്ഥാപന വിജ്ഞാപനം ഇറക്കി. ഇതോടെ നാല് മാസത്തിന് ശേഷം രാഹുൽ പാർലിമെൻ്റിലെത്തി. നാളെ കേന്ദ്ര സർക്കാറിനെതിരെ പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയ ചർച്ചകളിൽ രാഹുലും പങ്കെടുക്കും.


രാവിലെ 11.30ന് ശേഷം പാർലിമെൻ്റ് വളപ്പിലെത്തിയ രാഹുൽ, ഗാന്ധി പ്രതിമയിൽ റോസാപ്പൂ സമർപ്പിച്ചു. ഇതിന് ശേഷമാണ് പാർലിമെൻ്റ് മന്ദിരത്തിലേക്ക് കടന്നത്. കോൺഗ്രസ് അംഗങ്ങളോടൊപ്പം ‘ഇൻഡ്യ’ സഖ്യത്തിലുള്ളവരും ചേർന്ന് രാഹുലിനെ പാർലിമെൻ്റിൽ സ്വീകരിച്ചു. അപകീര്‍ത്തി കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതിയുടെ രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തതോടെയാണ് അംഗത്വം പുനഃസ്ഥാപിക്കാനായത്.

സൂറത്ത് കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചിരുന്നു. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ മോദി എന്ന പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന രാഹുലിന്റെ പ്രസ്താവനയാണ് കേസിന് ആധാരമായത്.

അപകീര്‍ത്തി കേസില്‍ പരമാവധി ശിക്ഷയായ രണ്ട് വര്‍ഷ ജയില്‍ ശിക്ഷയാണ് രാഹുലിന് വിധിച്ചത്. ജനപ്രതിനിധികള്‍ക്ക് അയോഗ്യത കല്പിക്കുന്നതാണ് രണ്ടുവര്‍ഷ ജയില്‍ ശിക്ഷ.