തിരുവനന്തപുരം: മദ്യ ലഹരിയിൽ യുവാവ് പൊലീസ് ജീപ്പുമായി കടന്നു. പാറശാല പൊലീസിന്റെ ജീപ്പുമായാണ് പരശുവയ്ക്കൽ സ്വദേശിയായ ഗോകുൽ എന്ന യുവാവ് മുങ്ങിയത്. ഇയാൾ പിന്നീട് പിടിയിലായി. രാത്രി പതിനൊന്നുമണിയോടെ പെട്രോളിംഗിനിടെ വാഹനം നിറുത്തിയപ്പോഴായിരുന്നു സംഭവം. പൊലീസുകാർ ജീപ്പിൽ നിന്ന് പുറത്തിറങ്ങിയെങ്കിലും താക്കോൽ എടുത്തിരുന്നില്ല. ഇതുകണ്ട ഗോകുൽ വാഹനവുമായി കടക്കുകയായിരുന്നു.
ഇതോടെ നാട്ടുകാരും പൊലീസും ഗോകുലിന്റെ പിന്നാലെ പാഞ്ഞു. പൊലീസുകാർ ബൈക്കിൽ പിന്തുടരുന്നത് കണ്ടതോടെ ഗോകുൽ ആലമ്പാറിൽ റോഡുവക്കിലെ മതിലിലേക്ക് ജീപ്പ് ഇടിച്ചുകയറ്റുകയായിരുന്നു. പിന്നാലെയെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് ഗോകുലിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് സ്റ്റേഷനിലേക്ക് മാറ്റി. ജീപ്പിന്റെ മുൻഭാഗത്തിന് കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ജീപ്പ് ഇടിച്ചതിനെത്തുടർന്ന് മതിലും തകർന്നിട്ടുണ്ട്.


