Fri. Nov 20th, 2026

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവിനെയാണ് പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 21 -ാം വാര്‍ഡില്‍ കരിയില്‍ വീട്ടില്‍ വിനു (വിമല്‍ ചെറിയാന്‍-22) ആണ് പൊലീസിന്റെ പിടിയിലായത്.


കഴിഞ്ഞ 12നാണ് കേസിനാസ്പദമായ സംഭവം. വിമല്‍ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി വീട്ടില്‍ എത്തിച്ചാണ് പീഡനം നടത്തിയത്. പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍, കാട്ടുര്‍ മങ്കടക്കാട് ജംഗ്ഷന് അടുത്തുള്ള വീട്ടില്‍ നിന്നും ഒളിവില്‍ പോയ പ്രതിയെ കലവുരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പോക്‌സോ ചുമത്തിയാണ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.

യുവാവിനെതിരെ നേരത്തെയും പൊലീസില്‍ പരാതിയുണ്ട്. മൂന്ന് വര്‍ഷത്തിന് മുന്‍പ് പാതിരപ്പള്ളി സ്വദേശിയായ യുവതിയെ വിളിച്ച് കുടെ താമസിപ്പിച്ച് 5 മാസത്തിന് ശേഷം ആ ബന്ധം ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് വിനുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.