വയനാട്: വയനാട് മേപ്പാടിയില്‍ പോക്‌സോ കേസില്‍ കായിക അദ്ധ്യാപകന്‍ അറസ്റ്റില്‍. മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കായിക അധ്യാപകനായ പുത്തൂര്‍വയല്‍ സ്വദേശി താഴംപറമ്പില്‍ ജി.എം.ജോണി (50) യെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം സ്‌കൂള്‍ വിട്ടതിന് ശേഷം അഞ്ചോളം വിദ്യാര്‍ഥിനികള്‍ നേരിട്ട് മേപ്പാടി പൊലീസ് സ്റ്റേഷനില്‍ എത്തി ഇന്‍സ്‌പെക്ടറെ കണ്ട് പരാതി പറയുകയായിരുന്നു.
സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം കായികാദ്ധ്യാപകനായ ജോണി മോശമായ രീതിയിൽ പെരുമാറിയെന്നും ഫോണില്‍ അശ്ലീല വീഡിയോ കാണാന്‍ വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ചെന്നും ലെെംഗികച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു വിദ്യാർത്ഥിനികളുടെ പരാതി. തുടർന്ന് പൊലീസ് കേസെടുക്കുകയും അദ്ധ്യാപകനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഇയാള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ ഉണ്ടോ എന്നറിയാന്‍ ബാക്കിയുള്ള കുട്ടികളുടെ മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചു. മറ്റു കുട്ടികള്‍ക്ക് ഈ അധ്യാപകന്റെ പ്രവൃത്തികള്‍ക്കെതിരെ പരാതിയുണ്ടോ എന്നറിയാന്‍ സ്‌കൂളില്‍ കൗണ്‍സിലിങ് നടത്തും. ഇയാള്‍ മുന്‍പു കോഴിക്കോട് ജില്ലയില്‍ കസബ പൊലീസ് സ്റ്റേഷനില്‍ പോക്‌സോ കേസില്‍ പ്രതിയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


