കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറു പ്രതികള്‍ കുറ്റക്കാരെന്ന് എന്‍ ഐ എ കോടതി. സജല്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഗൂഢാലോചന ഉള്‍പ്പെടെ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. നാലാം പ്രതി ഷഫീഖ്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, മന്‍സൂര്‍ എന്നിവരെ വെറുതെ വിട്ടു. കുറ്റക്കാര്‍ക്കെതിരെയുള്ള ശിക്ഷ നാളെ പ്രസ്താവിക്കും. ശിക്ഷിക്കപ്പെട്ട 6 പേരുടെയും ജാമ്യം റദ്ദാക്കി കാക്കനാട് ജയിലിൽ പാർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.

മുഖ്യപ്രതി എം കെ നാസര്‍, കൈവെട്ടിയ സവാദ് എന്നിവര്‍ക്ക് പുറമേ അസീസ് ഓടക്കാലി, ഷഫീക്ക്, നജീബ്, മുഹമ്മദ് റാഫി, സുബൈര്‍, നൗഷാദ്, മന്‍സൂര്‍, അയ്യൂബ് , മൊയ്തീന്‍ കുഞ്ഞ് എന്നിവരെയാണ് അന്ന് വിചാരണ ചെയ്തത്. ആദ്യഘട്ട വിചാരണയില്‍ 26 പേരെയാണ് വെറുതെ വിട്ടത്.
ആദ്യഘട്ട വിചാരണയ്ക്ക് ശേഷം 37 പേരില്‍ 11 പേരെയാണ് ശിക്ഷിച്ചത്. 2010 മാര്‍ച്ച് 23 നാണ് തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയത്. സംഭവത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ വേവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചാണ് എന്‍ ഐ എ വിചാരണ പൂര്‍ത്തിയാക്കിയത്.
തൊടുപുഴ ന്യൂമാൻ കോളേജിലെ ബികോം മലയാളം ഇന്‍റേണൽ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറിൽ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികൾ പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈപ്പത്തി വെട്ടിമാറ്റിയത്
എല്ലാവരും മാനവികതയില്‍ വിശ്വസിച്ച് മനുഷ്യരെല്ലാം തുല്ല്യരാണെന്ന ബോധത്തിലേക്കു വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നു പ്രഫ. ടി ജെ ജോസഫ് വിധിയോടു പ്രതികരിച്ചു. പ്രതികളെ ശിക്ഷിക്കുന്നതുകൊണ്ടു നിയമം നടപ്പാകുന്നു എന്നുമാത്രമേ ഉള്ളു. ഇരക്ക് നഷ്ടമായതൊന്നും തിരിച്ചു കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


