Sun. Nov 22nd, 2026

മാവേലിക്കര: കൊലപാതക കേസില്‍ ഒളിവില്‍ പോയ പ്രതി 28 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി. മിലിട്ടറി ഉദ്യോഗസ്ഥനായ ചെട്ടികുളങ്ങര കണ്ണമംഗലം പേള ചേന്നത്തു വീട്ടില്‍ ജയപ്രകാശ് കൊലചെയ്യപ്പെട്ട കേസില്‍ രണ്ടാം പ്രതിയായ ശ്രീകുമാറാണ് മാവേലിക്കര പോലീസിന്റെ പിടിയിലായത്. കോഴിക്കോട് ഹോട്ടല്‍ ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍.

1995 ജനുവരി 12 നാണ് കേസിനാസ്പദമായ സംഭവം. ജയപ്രകാശുമായി കാട്ടുവള്ളി ക്ഷേത്ര ഗ്രൗണ്ടില്‍ വച്ച് പ്രമോദ്, ശ്രീകുമാര്‍, ജയചന്ദ്രന്‍ എന്നിവര്‍ മുന്‍പുണ്ടായ തര്‍ക്കവിഷയത്തെ സംബന്ധിച്ച് സംസാരിക്കുന്നതിനിടയില്‍ സംഘട്ടനം ഉണ്ടായി. ഇതില്‍ ഗുരുതരമായി പരുക്കേറ്റ ജയപ്രകാശിനെ ആശുപത്രിയില്‍ പ്രവേശിപിച്ചെങ്കിലും മരണം സംഭവിച്ചു. തുടര്‍ന്ന് കേസിലെ രണ്ടാം പ്രതിയായ ശ്രീകുമാര്‍ ഒളിവില്‍ പോവുകയായിരുന്നു. മാവേലിക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മറ്റു പ്രതികളായ പ്രദീപും, ജയചന്ദ്രനും കോടതിയില്‍ ഹാജരായി വിചാരണ നടപടികളുമായി മുന്‍പോട്ടുപോയി. എന്നാല്‍ ശ്രീകുമാര്‍ ഒളിവില്‍ പോയി.


കോടതിയില്‍ നിന്നും പിടികിട്ടാപുള്ളിയായി വാറന്റ് ഉത്തരവായിട്ട് പിടിക്കപ്പെടാതെ 27 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞു വരുന്ന ശ്രീകുമാറിനെ പിടികൂടുന്നതിനായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐപിഎസ് പ്രേത്യേക അന്വേഷണം സംഘത്തെ നിയോഗിച്ചിരുന്നു. മംഗലാപുരം, മൈസൂര്‍ ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണങ്ങളില്‍, ഈ സ്ഥലങ്ങളില്‍ ഇയാള്‍ ഇലക്ട്രിഷ്യന്‍ ആയി ജോലി ചെയ്ത ശേഷം അവിടെ നിന്നും കോഴിക്കോട് ജില്ലയില്‍ എത്തി ഹോട്ടല്‍ ജോലിയും കല്പണിയും ചെയ്തു താമസിക്കുകയാണെന്ന് മനസിലായി. തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ എല്ലാ ഹോട്ടലുകളും കല്പണി കോണ്‍ട്രാക്ടര്‍മാരെയും കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശ്രീകുമാറിനെ കണ്ടെത്തുന്നത്. കോഴിക്കോട് വന്ന് ഹോട്ടല്‍ ജോലി ചെയ്ത് വരുന്നതിനിടയില്‍ വിവാഹം കഴിച്ചു കുടുംബത്തോടൊപ്പം ആയിരുന്നു താമസിച്ചുവന്നിരുന്നത്.