തൃശൂർ: എഴുത്തുകാരി ദേവകി നിലയങ്ങോട് (95) അന്തരിച്ചു. തൃശൂരിലെ വസതിയിൽ ഉച്ചക്ക് ആയിരുന്നു അന്ത്യം. ബ്രാഹ്മണ സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിച്ചയാളായിരുന്നു. 1928ൽ മലപ്പുറം ജില്ലയിലെ മുക്കുതല പകരാവൂർ മനയിലാണ് ജനനം.
പകരാവൂർ മനയിൽ കൃഷ്ണൻ സോമയാജിപ്പാടിന്റെയും പാർവതി അന്തർജനത്തിന്റെയും 12ാമത്തെ പുത്രിയായിട്ടായിരുന്നു ജനനം. ദേവകിയുടെ ജനന സമയത്ത് അച്ഛന് പ്രായം 68 ആയിരുന്നു. അന്തർജന സമാജം രൂപവത്കരിച്ച് കേരളത്തിലങ്ങോളമിങ്ങോളം നമ്പൂതിരി കുടുംബങ്ങളിൽ പ്രചാരണത്തിനായി പുറപ്പെട്ടിരുന്നു. പതിനാറാം വയസിൽ വിവാഹിതയായി.
നഷ്ടബോധങ്ങളില്ലാതെ, ഒരു അന്തർജനത്തിന്റെ ആത്മകഥ ഇവരുടെ ഏറെ പ്രസിദ്ധമായ കൃതിയാണ്. അടുത്തിടെ അന്തരിച്ച വിദ്യാഭ്യാസ വിദഗ്ധൻ ചിത്രൻ നമ്പൂതിരിപ്പാട് സഹോദരനും അന്തരിച്ച ചിന്ത രവി മരുമകനുമാണ്. മകൾ ചന്ദ്രികക്കൊപ്പമാണ് അവസാനകാലത്ത് കഴിഞ്ഞത്. സംസ്കാരം നാളെ.


