പാലക്കാട്: കസബ പൊലീസ് സ്റ്റേഷന് സമീപം താർ ജീപ്പിൽ കടത്തിയ 62 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. തൃശൂർ വളളിവട്ടം എടവഴിക്കൽ വീട്ടിൽ ഷമീന (31), എടശേരി അറക്കവീട്ടിൽ വീട്ടിൽ മുഹമ്മദ് റയിസ് (31) എന്നിവരാണ് പിടിയിലായത്.
ബംഗളൂരുവിൽ നിന്നാണ് പ്രതികൾ ലഹരിമരുന്ന് എത്തിച്ചത്. ഇതിന്റെ ഉറവിടത്തെക്കുറിച്ചും പ്രതികൾ ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും അന്വേഷണം ഊർജ്ജിതമാക്കി. റീൽസ് താരമായ ഷമീനയ്ക്ക് ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുണ്ട്. കൂടാതെ സൗത്ത് കേരള സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പുമായിരുന്നു. ഷമീനയുടെ സുഹൃത്താണ് റയിസ്. ഐടി പ്രൊഫഷണലായ ഇയാൾ നേരത്തെ ഗൾഫിലായിരുന്നു. മാസങ്ങൾക്ക് മുമ്പാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. ഷമീന മറ്റൊരു ഹണിട്രാപ്പ് കേസിലും പ്രതിയാണ്.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പട്ടാമ്പി, ഒറ്റപ്പാലം, ആലത്തൂർ, കോങ്ങാട്, മങ്കര എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടിയിരുന്നു. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ നിർദ്ദേശപ്രകാരം എ.എസ്.പി ഷാഹുൽ ഹമീദ്, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ആർ.നോജ് കുമാർ എന്നിവരുടെ നേത്യത്വത്തിൽ എസ്.ഐ സി.കെ.രാജേഷിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും എസ്.ഐ എച്ച്.ഹർഷാദിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.


