Thu. Nov 19th, 2026

ബംഗളുരു: മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലേയ്ക്ക്. ബംഗളുരു പൊലീസിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ വിമാനമാർഗം തിങ്കളാഴ്ചയാണ് കൊച്ചിയിലെത്തുക. ആരോഗ്യസ്ഥിതി മോശമായ പിതാവിനെ സന്ദർശിക്കാനും സ്വന്തം ചികിത്സയ്ക്കുമായാണ് മഅദനി ദീർഘകാലത്തിന് ശേഷം കേരളത്തിലെത്തുന്നത്.


ബംഗളുരു സ്ഫോടനക്കേസിൽ ബംഗളുരുവിൽ തുടരുന്ന മഅദനി കേരളത്തിലേയ്ക്ക് പോകാൻ ജാമ്യ വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബംഗളുരു പൊലീസിന്റെ എതിർപ്പിനെ മറികടന്ന് കേരള യാത്രയ്ക്ക് സുപ്രീം കോടതി അനുമതി നൽകിയിട്ട് മാസങ്ങളായെങ്കിലും സുരക്ഷാ കാരണങ്ങൾ യാത്രാ ചെലവ് തുടങ്ങിയവ മൂലം മുടങ്ങുകയായിരുന്നു. ഇതിനിടയിൽ ബംഗളുരു കമ്മീഷണർ ഓഫീസിൽ നിന്ന് അനുമതി ലഭിക്കുകയായിരുന്നു. 12 ദിവത്തേയ്ക്കുള്ള അനുമതിയാണ് പൊലീസ് നൽകിയത്. യാത്രയിലുടനീളം ബംഗളുരു പൊലീസും മഅദനിയെ അനുഗമിക്കും.

അതേസമയം മഅദനി നാട്ടിലേക്ക് എത്തുന്നതുമായി ബന്ധപ്പെട്ട് കർണാടകയിൽ നിന്നുള്ള പൊലീസ് സംഘം കഴിഞ്ഞ മാസം കൊല്ലം മൈനാഗപ്പള്ളിയിലും എറണാകുളത്തുമെത്തി സുരക്ഷ വിലയിരുത്തി മടങ്ങിയിരുന്നു. ബംഗളൂരു സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ യതീഷ് ചന്ദ്ര,ആന്റി ടെററിസ്റ്റ് സെൽ എ.സി.പി അമിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മഅദനിയുടെ കുടുംബവീടായ മൈനാഗപ്പള്ളി തോട്ടുവാൽ വീട്,അദ്ധ്യാത്മിക രാഷ്ട്രീയ കേന്ദ്രമായ അൻവാർശേരി എന്നിവിടങ്ങൾക്ക് പുറമേ എറണാകുളം കല്ലൂരിലുള്ള വീട്ടിലും പരിശോധന നടത്തി.